അമ്പലപ്പുഴ: വംശനാശ ഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിച്ച് വിരിയിച്ച് പ്രകൃതി സ്നേഹികളായ യുവാക്കൾ. തോട്ടപ്പള്ളി ഗ്രീൻ റൂട്സിന്റെ പ്രവർത്തകരാണ് റിഡ്ലി ഇനത്തിൽപ്പെട്ട 105 ഓളം കടലാമകളെ വിരിയിച്ചത്.
2013 മുതലാണ് പരിസ്ഥിതി പ്രവർത്തകൻ സജിയുടെ നേതൃത്വത്തിൽ ഓമനക്കുട്ടൻ, സുമേഷ്, ബിപിൻ സുരേന്ദ്രൻ, അഖിൽ, വിപിൻ എന്നിവർ ഇതിനു മുൻകൈയെടുത്ത് കടലാമകളെ വിരിയിച്ചു തുടങ്ങിയത്.
ഇത്തവണ പല്ലന ഭാഗത്തു നിന്നാണ് ഇതിന്റെ മുട്ടകൾ ശേഖരിച്ചത്. ആകെ 126 മുട്ടകളാണ് ശേഖരിച്ചത്. ഇവയെ പിന്നീട് തോട്ടപ്പളളി കടൽത്തീരത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഹാച്ചറിയിൽ വെച്ചാണ് വിരിയിച്ചത്.
45 ദിവസത്തെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇവയെ വിരിയിച്ചെടുക്കാനായത്.മത്സ്യങ്ങളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്ന ജെല്ലി ഫിഷിനെ നിയന്ത്രിക്കുന്നത് ഇത്തരം കടലാമകളാണ്.
അതു കൊണ്ടു തന്നെ കടലാമകൾ കടലിന് അനിവാര്യമാണ്. വനം വകുപ്പിന്റെ സഹായത്തോടെയാണ് കടലാമകളെ സംരക്ഷിച്ചതും വിരിയിച്ചതും.
പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.എസ്.സുദർശനൻ കടലാമകളെ കടലിലേക്ക് ഒഴുക്കി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ആർ. രാജി, , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മനോജ് കുമാർ.എം. എന്നിവർ പങ്കെടുത്തു