ആലപ്പുഴ: തോട്ടപ്പള്ളിയിൽ ഗ്രീൻ റൂട്സ് പ്രവർത്തകർ സംരക്ഷിച്ച 116 കടലാമ മുട്ടകളിൽ ഒലിവ് റിഡ്ഡി ഇനത്തിൽപ്പെട്ട 110 കുഞ്ഞുങ്ങൾ വിരിഞ്ഞു. 48 ദിവസം കൊണ്ടാണ് കടലാമ കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയത്.
കടുത്തചൂടിനെ ശാസ്ത്രീമായി പ്രതിരോധിക്കാൻ കഴിഞ്ഞതിനാലാണ് ഇത്രയും കുഞ്ഞുങ്ങളെ വിരിയിക്കാൻ സാധിച്ചത്. ഇതിനുമുന്പ് പല്ലനയിൽ 63 കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റ് 14 നായിരുന്നു ആദ്യ കൂട് മുട്ടകൾ ലഭിച്ചത്.
ശക്തമായ മഴയേയും കടലാക്രമണ ഭീഷണിയേയും നേരിട്ട് 106 മുട്ടകളിൽ നിന്നും 53 കുഞ്ഞുങ്ങളാണ് വിരിഞ്ഞത്. കഴിഞ്ഞ സീസണിൽ തോട്ടപ്പള്ളി, പല്ലന തീരങ്ങളിൽ മുട്ടയിടാനെത്തിയത് 11 ഒലിവ് റിഡ്ലി കടലാമകളായിരുന്നെങ്കിൽ ഇത്തവണ എത്തിയത് മൂന്ന് ആമകൾ മാത്രം.
പ്രളയം തീരം കവർന്നത് ഇവയുടെ പ്രജനനത്തെ സാരമായി ബാധിച്ചു. മുട്ട വിരിഞ്ഞിറങ്ങുന്ന തീരം എവിടെയാണോ അവിടെ മാത്രമേ കടലാമകൾ മുട്ടയിടാനായി തെരഞ്ഞെടുക്കൂ. ലോകത്തെവിടെയായിരുന്നാലും പ്രജനന സമയമാകുന്പോൾ തീരം തേടിയുള്ള ഇവയുടെ യാത്ര തുടങ്ങും.
പ്രജനന തീരങ്ങളുടെ നാശം, കടൽഭിത്തി നിർമാണം, അനിയന്ത്രിതമായ മണൽ ഖനനം, ആഗോളതാപനം എന്നിവ മൂലം ഇവ വംശനാശ ഭീഷണിയിലാണ്. ഓഗസ്റ്റ് മുതൽ മാർച്ചുവരെയാണ് പ്രജനന സമയം. ഈ സമയങ്ങളിൽ ട്രോൾനെറ്റുകളിലും കുടുങ്ങിയും കടലിൽ ഉപേക്ഷിക്കുന്ന വലകളിലും കുടുങ്ങി ചത്ത് തീരത്തടിയുന്ന കടലാമകളുടെ എണ്ണം വളരെയേറെയാണ്. ഇറച്ചിക്കായി ഇവയെ വേട്ടയാടുന്നതും മുട്ടകൾ മനുഷ്യരും കുറുക്കൻ, തെരുവുനായ്ക്കൾ കീരി മുതലായവ ആഹാരമാക്കുന്നതും ഇവയുടെ വംശ വർധനവിനു വിഘാതമാകുന്നു.
മത്സ്യസന്പത്തിനും കടലിന്റെ സന്തുലിതാവസ്ഥയ്ക്കും ഭീഷണിയാകുന്ന കടൽ ചൊറികളുടെ (ജെല്ലിഫിഷ്) വർധനവിനെ തടയുന്നതിൽ കടലാമകൾ മുഖ്യപങ്കുവഹിക്കുന്നു. ലെതർബാക്ക് എന്നയിനം കടലാമകൾ ഒരു ദിവസം 200 കിലോയോളം ജെല്ലി ഫിഷിനെ ഭക്ഷിക്കും. വംശനാശ ഭീഷണി നേരിടുന്ന ഇവയെ വന്യജീവി നിയമം 1972 പട്ടിക-1 പ്രകാരം വനം വന്യജീവി വകുപ്പ് ആലപ്പുഴ ജില്ല സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ സംരക്ഷിച്ചു വരുന്നു.
സോഷ്യൽ ഫോറസ്ട്രി ആലപ്പുഴ ഡിവിഷൻ അസി. കണ്സർവേറ്റർ ഫെൻ ആന്റണി കടലാമക്കുഞ്ഞുങ്ങളെ കടലിലേക്കു വിട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ റേഞ്ച് ഓഫീസർ ഗണേശൻ ആശംസയും ഗ്രീൻ റൂട്സ് പ്രസിഡന്റ് എം.ആർ. ഓമനക്കുട്ടൻ അധ്യക്ഷതയും വഹിച്ചു. സജി ജയമോഹൻ, റഷീദ് കോയ എന്നിവർ പ്രസംഗിച്ചു.