പാലാവയല്: മത്സ്യങ്ങളുടെ ശരീരത്തില്‍ ജീവിച്ച് അവയില്‍നിന്നും ആഹാരം കണ്ടെത്തുന്ന ചെറു ജീവിവര്‍ഗങ്ങളായ മത്സ്യപരാദ (ക്രസ്റ്റേഷ്യന്‍) വിഭാഗത്തില്‍പ്പെട്ട രണ്ടു പുതിയ ജീവികളെക്കൂടി ഗവേഷകര്‍ കണ്ടെത്തി.
അധികമാരും ശ്രദ്ധിക്കാത്ത ഈ ജീവിവര്‍ഗങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി ഗവേഷണം നടത്തുന്ന തയ്യേനി സ്വദേശി ഡോ. പി.ടി. അനീഷ് ഉള്‍പ്പെട്ട സംഘമാണ് കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്.
കേരളതീരത്തെ ചെറുമത്സ്യങ്ങളുടെ ശരീരത്തില്‍നിന്നും വേര്‍തിരിച്ചെടുത്ത ഐസോപോഡ വിഭാഗത്തില്‍പ്പെട്ട പരാദജീവിക്ക് ആനിലോക്ര ഗ്രാന്ഡ്മായേ എന്ന പേരാണു നല്‍കിയിരിക്കുന്നത്.
തന്റെ പഠനത്തിലും ജീവിതത്തിലും വഴികാട്ടിയായിരുന്ന സമീപകാലത്തു മരിച്ച മുത്തശിയുടെ ഓര്‍മകളും ഓരോ കുടുംബത്തിലും മറ്റുള്ളവരുടെ ജീവിതവിജയത്തിനായി ആരാലും അറിയപ്പെടാതെ ത്യാഗങ്ങളനുഷ്ഠിക്കുന്ന മുത്തശിമാരോടുള്ള ബഹുമാനവുമാണ് ഈ പേരു നല്കാന് പ്രേരണയായതെന്ന് ഡോ. അനീഷ് പറഞ്ഞു.
കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പില്‍ ഗവേഷണാനന്തര പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോ. അനീഷ് വകുപ്പുമേധാവി പ്രഫ. എ. ബിജു കുമാറിനും ദക്ഷിണാഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ഹഡ്ഫീല്ഡ്, നിക്കോ സ്മിത്ത് എന്നിവര്‍ക്കുമൊപ്പമാണ് ക്രസ്റ്റേഷ്യന്‍ ജീവികളുമായി ബന്ധപ്പെട്ട ഗവേഷണപഠനങ്ങള്‍ നടത്തുന്നത്.
പുതിയ ജീവിയുടെ ജനിതകഘടന ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നെതര്‍ലാന്‍ഡ്സില്‍നിന്നുള്ള ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഫോര്‍ പാരാസൈറ്റോളജി: പാരാസൈറ്റീസ് ആന്‍ഡ് വൈല്‍ഡ്ലൈഫിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഴക്കടല്‍ മത്സ്യങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന പരാദജീവികളുടെ കൂട്ടത്തില്‍ മത്സ്യങ്ങളുടെ വായ്ക്കകത്തു കാണപ്പെടുത്ത ലോബൊതൊറസ് വിഭാഗത്തില്‍പ്പെട്ട മൂന്നാമതൊരു സ്പീഷിസിനെക്കൂടി കണ്ടെത്തി.
ഈ സ്പീഷീസിന് അനേകം പുതിയ ജലജീവികളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയ ലോകപ്രശസ്ത പരാദ ഗവേഷകനും സംഘത്തിന്റെ വഴികാട്ടിയുമായ പ്രഫ. നിക്കോ സ്മിത്തിന്റെ പേരുമായി ബന്ധപ്പെടുത്തി ‘ലോബൊതൊറസ് നികോസ്മിറ്റി’ എന്ന പേരാണു നല്‍കിയിരിക്കുന്നത്.
പ്രധാനമായും മത്സ്യങ്ങളുടെ ശരീര ഉപരിതലം, ചെകിള അറ, വായ് അറ എന്നിവിടങ്ങളിലാണ് ക്രസ്റ്റേഷ്യന്‍ പരാദജീവികള്‍ കാണപ്പെടുന്നത്.
ഇന്ത്യയില്‍നിന്ന് കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഈ വിഭാഗത്തില്‍പ്പെട്ട ഏറ്റവുമധികം പുതിയ ജീവികളെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത് കേരള സര്‍വകലാശാലയിലെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പാണ്.