ചാവക്കാട്: ആദ്യത്തെ കണ്മണികൾ പുറത്ത് വന്നു, സംരക്ഷകരുടെ കൈവെള്ളയിൽ പിച്ചവച്ചവർ പഞ്ചാര പൂഴി മണലിൽ കൂടി നടന്ന് അവരുടെ വീടായ കടലിലേക്കു പോയി.
ബ്ലാങ്ങാട് ബീച്ചിലെ കടലാമ കൂട്ടിൽനിന്നും 24 കുഞ്ഞുങ്ങളാണ് ഈ സീസണിൽ ആദ്യമായി പുറത്തുവന്നത്.
ആദ്യത്തെ കുഞ്ഞുങ്ങളുടെ വരവിനായി ഒന്നര മാസത്തോളമായി ചാവക്കാട് ഫൈറ്റേഴ്സ് ക്ലബ് പ്രവർത്തകർ കാവലിലായിരുന്നു.
ക്ലബ് അംഗങ്ങളായ വിബിൻ, ആർ.വി. സജിൻ, എ.സി. സുബീഷ്, കെ.എസ്. പ്രണവ്, കെ.എസ്. വിജീഷ്, സി.വി. ഗണേഷ് തുടങ്ങിയവർ ചേർന്നാണ് കടലിലേക്ക് വിട്ടത്.
ഇതിനിടെ കടലാമകൾ കൂട്ടത്തോടെ തീരത്ത് കയറി മുട്ടയിട്ട അപൂർവ സംഭവവും കടപ്പുറത്ത് നടന്നു. പുത്തൻ കടപ്പുറത്ത് ഒറ്റ രാത്രിയിൽ 11 കടലാമകൾ തീരത്ത് വന്ന് 1133 മുട്ടകളിട്ടു.
സീസണിൽ ഒന്നിച്ചെത്തി ഇത്രയും മുട്ടകൾ ഇടുന്നത് അപൂർവമാണെന്ന് പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.
കടലാമകളെ കുറിച്ച് ശരിയായ അറിവ് ഇല്ലാതിരുന്ന പഴയ കാലത്ത് കടലാമ മുട്ടകൾ കൊണ്ടുപോയി ആളുകൾ ഭക്ഷിച്ചിരുന്നു.
വിവരമറിഞ്ഞ എടക്കഴിയൂർ സീതി സാഹിബ് സ്കൂളിലെ ജീവശാസ്ത്രാധ്യാപകൻ എൻ.ജെ. ജയിംസിന്റെ നേതൃത്വത്തിൽ ഒരു സംഘം ചെറുപ്പക്കാർ ബോധവത്കരണവുമായി രംഗത്ത് വന്നതോടെ തീരവാസികൾ കടലാമകളുടെ മുട്ടയ്ക്കും കൂടിനും കാവലിരിക്കാൻ തുടങ്ങി, രാവും പകലും.