സ്വന്തം ലേഖകൻ
ചാവക്കാട്: “മഴയ്ക്കു മുന്പ് ഇനിയൊരു പരിഹാരം കണ്ടില്ലെങ്കിൽ ഞങ്ങളുടെ സ്ഥിതി കൂടുതൽ ഗുരുതരമാകും’ തകർന്ന് കിടക്കുന്ന കടൽഭിത്തി ചൂണ്ടിക്കാട്ടി തീരവാസികളുടെ വിലാപം.
കടപ്പുറം അഞ്ചങ്ങാടി വളവിൽ വർഷങ്ങളായി തകർന്ന് കിടക്കുന്ന കടൽഭിത്തി വീടുകൾക്കും തീരത്തിനും ഭീഷണിയാണ്.
പതിറ്റാണ്ടുകൾ പഴക്കമുള്ള കടൽഭിത്തി തകർന്ന് കിടക്കുന്നത് പുനർനിർമിക്കണമെന്ന് തീരവാസികളും വിവിധ സംഘടനകളും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകൾ പലതും കഴിഞ്ഞു.
ഭിത്തിയുടെ പുനർനിർമാണം ആവശ്യപ്പെട്ട് ജനപ്രതിനിധികൾക്കും ഇറിഗേഷൻ വകുപ്പിനും പരാതി നൽകിയിരുന്നു. നടപടി എടുക്കാത്തതിനെത്തുടർന്ന് കടലോരത്ത് കടലാസ് ഭിത്തിക്കെട്ടി പ്രതിഷേധിച്ചു.
അപ്രതീക്ഷിതമായി എത്തുന്ന വേലിയേറ്റം, കാലവർഷത്തിലെ കടലാക്രമണം, വീടുകൾ എന്നും വെള്ളത്തിലാണ്. ശക്തമായ തിരമാലയിൽ കല്ലുകൾ ഇളകി കടലിലേക്ക് ഒലിച്ചുപോയി.
കടൽഭിത്തിയുടെ അടിഭാഗത്തെ കല്ലുകൾ നീങ്ങിയ വിടവിൽകൂടി വെള്ളം അടിച്ചുകയറുന്നു. ഭിത്തി തകർന്ന് ചിന്നിചിതറി കിടക്കുന്നു.
ഇതേത്തുടർന്ന് തീരത്തെ പ്രധാന റോഡും ഭീഷണിയിലാണ്. കടൽ റോഡിന്റെ ഏതാനും മീറ്റർ അടുത്തുവരെ എത്തി.
വെള്ളം കയറിയും തിരുമാലക്കൊപ്പം മണൽകയറിയും ഗതാഗതം തടസപ്പെടുന്നു. അടിയന്തരമായി ജനപ്രതിനിധികൾ ഇടപെട്ട് ഭിത്തിയുടെ പുനർനിർമാണം നടത്തി ആശങ്കയ്ക്ക് പരിഹാരം കാണണമെന്നാണ് കടലോരവാസികളുടെ ആവശ്യം.