ചാവക്കാട്: കാലവർഷം എത്തിയതോടെ കടൽ ഇളകി മറിയാൻ തുടങ്ങി, ഒപ്പം തീരവാസികളുടെ മനസും. തകർന്നു കിടക്കുന്ന കടൽഭിത്തിയിലേക്കു നോക്കി വിലപിക്കാൻ മാത്രമാണ് തീരവാസികളുടെ വിധി.
മാറിമാറി വരുന്ന സർക്കാരുകൾ ഉറപ്പുകളും വാഗ്ദാനവും നൽകും.
പിന്നെ കടൽ ഭിത്തിയുടെ അളവെടുപ്പും നടക്കും. അതോടെ തീർന്നു ആ വർഷത്തെ കടൽഭിത്തി നിർമാണം. കടപ്പുറം പഞ്ചായത്തിന്റെ തീരമേഖലയിൽ ആറിടത്താണ് ഏറ്റവും വലിയ കടൽക്ഷോഭം അനുഭവപ്പെടുന്നത്.
തകർന്നു കിടക്കുന്നതും ഭിത്തി നിർമിക്കാത്തതുമായ മുനക്കകടവ്, വെളിച്ചെണ്ണപ്പടി, മൂസ റോഡ്, ഞോളി റോഡ്, ആശുപത്രിപ്പടി, അഞ്ചങ്ങാടിവളവ് എന്നിവിടങ്ങളിലെ വീട്ടുകാർക്ക് ഇനി ഉറക്കമില്ലാത്ത രാത്രിയാണ്. ഉറക്കത്തിൽ എപ്പോഴാണു കടൽ കരയിലേക്കു കയറുകയെന്ന് അറിഞ്ഞുകൂടാ.
കടൽഭിത്തിയുടെ പുനർനിർമാണം നടത്തിയിട്ടു 15 വർഷത്തിലധികമായെന്നു തീരവാസികൾ പറയുന്നു. ഇടതുപക്ഷം ഭരിക്കുന്പോൾ വലതുപക്ഷവും വലതുപക്ഷം ഭരിക്കുന്പോൾ ഇടതുപക്ഷവും കടൽ ഭിത്തിക്കായി മുറവിളി കൂട്ടും. രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ രംഗത്ത് ഇറങ്ങും.
കടലോര വാസികളുടെ കണ്ണിൽ പൊടിയിട്ടുപോകും. കണ്ണീരൊപ്പലിൽ ഒരു കാര്യവുമില്ലെന്നു നാട്ടുകാർക്കും അറിയാം. കണക്കെടുപ്പു നടത്തി കുറെ കഴിയുന്പോൾ ഉദ്യോഗസ്ഥർ പറയും കല്ലുകിട്ടാനില്ല. ഇതിനിടയിൽ കടലാക്രമണം രൂക്ഷമാകും. തീരവാസികൾ ഓടും.
ജില്ലാ-സംസ്ഥാന നേതാക്കൾ, എംഎൽഎ, എംപി, മന്ത്രിമാർ കടപ്പുറം സന്ദർശിക്കും. അടിയന്തര നടപടി സ്വീകരിക്കുമെന്നുറപ്പ്. ഒടുവിൽ ജില്ലാ ഭരണകൂട്ടം എത്തും. കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിൽ ജിയോ ബാഗ് നിരത്താൻ നിർദേശം. കളക്ടറോടൊപ്പം കടപ്പുറം സന്ദർശിക്കുന്നവരും പിന്നീടു സ്ഥലം വിടും.
ദിവസങ്ങൾ കഴിയുന്പോൾ കടൽ ശാന്തമാകും. വീടുവിട്ട് ഓടിയ കടലോരവാസികൾ വീടുകളിൽ തിരിച്ചെത്തും. ദുരിതം അൽപം കുറയുന്പോൾ എല്ലാം മറക്കും. പിന്നത്തെ ചിന്ത വില്ലേജിൽ അപേക്ഷ കൊടുത്ത് സഹായം ലഭിക്കാനുള്ള മാർഗമാണ്. അതോടെ എല്ലാം തീർന്നു. ഇനി അടുത്തവർഷം.