വിഴിഞ്ഞം: മദ്യപിച്ച് ലെക്കുകെട്ട അംഗപരിമിതൻ കടലിലേക്ക് ചാടി. ഇതു കണ്ടുനിന്ന മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്താനാ യി കൂടെ ചാടി.വെള്ളം കുടിച്ച് അവശരായ നാലുപേരുടെ ജീവൻ രക്ഷിക്കാൻ വിഴിഞ്ഞം തീരദേശ പോലീസ് എത്തേണ്ടി വന്നു.
മുട്ടത്തറ പൂന്തുറ സ്വദേശി ജറാൾഡ് (34) ആണ് നാട്ടുകാരെയും തീരദേശ പോലീസിനെയും ഏറെ നേരം ഭീതിയിലാഴ്ത്തിയത്. ഇന്നലെ വൈകുന്നേരം ആറരയോടെ പൂന്തുറ നടത്തറ ഭാഗത്തെ കടലിലാണ് ജറാൾഡ് ചാടിയത്.ശക്തമായ തിരയടിയിൽപ്പെട്ട ഇയാളെ രക്ഷിക്കാൻ അയൽവാസികളും മത്സ്യത്തൊഴിലാളികളുമായ വിക്ടർ (57), ജോസഫ്(29), ശാരോൺ (24) എന്നിവർ കടലിൽ ഇറങ്ങി. നീന്തിയലഞ്ഞ നാലു പേർക്കും കരയിലേക്ക് കയറാൻ പറ്റാതെയായി.
കാര്യങ്ങൾ കൈവിട്ട് പോകുമെന്നായതോടെ നാട്ടുകാർ കൺട്രോൾ റൂമിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ് കോവളം ലൈറ്റ് ഹൗസ് ഭാഗത്ത് പട്രോളിംഗ് നടത്തുകയായിരുന്ന രക്ഷാ ബോട്ടിൽ എഎസ്ഐമാരായ ജയകുമാർ ,രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്ത് എത്തി നാലു പേരെയും രക്ഷിച്ചു.