സിജോ പൈനാടത്ത്
കൊച്ചി: പെരിയാറും ചാലക്കുടിപ്പുഴയും പന്പയും മീനച്ചിലാറും മണിമലയാറുമെല്ലാം കരകവിഞ്ഞു ജനവാസമേഖലകളിലേക്കൊഴുകി വെള്ളപ്പൊക്ക ഭീഷണിയിലേക്കടുക്കുന്പോൾ രക്ഷാപ്രവർത്തനത്തിന് അരയും തലയും മുറുക്കി സജ്ജരായി കടലിന്റെ മക്കൾ.
സംസ്ഥാനത്ത് എവിടെ വെള്ളപ്പൊക്കമുണ്ടായാലും പരാധീനതകൾ മറന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാൻ തയാറായി നിൽക്കുകയാണു മധ്യകേരളത്തിലെ മത്സ്യത്തൊഴിലാളികൾ.
2018ലും 2019 ലും പ്രളയമൊഴുകിയെത്തിയ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം പശ്ചിമകൊച്ചിയിലെയും വൈപ്പിൻകരയിലെയും മത്സ്യത്തൊഴിലാളികൾ രക്ഷകരായെത്തിയിരുന്നു.
തങ്ങളുടെ ഉപജീവന മാർഗമായ വള്ളങ്ങളും ചെറുവഞ്ചികളും എൻജിനുകളുമെല്ലാമായാണ് അന്ന് ദിവസങ്ങളോളം ഇവർ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ രക്ഷാപ്രവർത്തനത്തിനെത്തിയത്.
ട്രോളിംഗ് കഴിഞ്ഞിട്ടും പ്രതികൂല കാലാവസ്ഥ മൂലം ഏറെനാളായി കടലിൽ പോകാനാവുന്നില്ലെങ്കിലും വെള്ളപ്പൊക്കംപോലുള്ള പ്രതിസന്ധികളുണ്ടായാൽ എവിടെയായാലും മുൻവർഷങ്ങളിലേപ്പോലെ വഞ്ചികളുമായി ഞങ്ങളും രക്ഷാപ്രവർത്തനത്തിനായി എത്തുമെന്നു കൊച്ചി ചെല്ലാനം ഫിഷിംഗ് ബാർബറിലെ മത്സ്യത്തൊഴിലാളികളായ പ്രവീൺ കാക്കരിയിലും മജേഷും സുരേഷും പറഞ്ഞു.
അടിയന്തരഘട്ടത്തിൽ പുറപ്പെടാൻ വള്ളങ്ങളുമായി ഞങ്ങൾ തയാറായിരിക്കുകയാണ്. വള്ളങ്ങൾ കയറ്റാനുള്ള വാഹനങ്ങളും എൻജിനുകളുമെല്ലാം റെഡിയാണ്.
മത്സ്യലഭ്യതക്കുറവും കിട്ടുന്ന മത്സ്യത്തിന് ന്യായവില ലഭിക്കാത്തതും പ്രതികൂല കാലാവസ്ഥയും ഉൾപ്പടെയുള്ള മത്സ്യത്തൊഴിലാളികളുടെ ആവലാതികൾ അധികൃതർ മനസിലാക്കണമെന്നും അവർ പറഞ്ഞു.
ഇവർക്കൊപ്പം, സഹൽ ആശാൻപറന്പിൽ, ദാസൻ പടവര, ബിജു, അലോഷി, സുമേഷ്, ജോഷ് ആന്റണി, ആന്റണി കാക്കരിയിൽ, ഷിബി എന്നിവരുൾപ്പെട്ട സംഘം 2018ലും 2019ലും പറവൂർ, ആലുവ, കളമശേരി, ഭാഗങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.
വയോധികരും സ്ത്രീകളും കുട്ടികളുമുൾപ്പടെ പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ നിരവധി പേരെയാണ് അന്ന് ഇവർ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചത്.