വൈപ്പിൻ: ഒരുകാലത്ത് മത്സ്യത്തൊഴിലാളികൾക്ക് തലവേദന സൃഷ്ടിച്ചിരുന്ന കടൽമാക്രി എന്നയിനം മത്സ്യം ഇപ്പോൾ ബോട്ടുകാരുടെ രക്ഷകനാവുന്നു.
നിറയെ മത്സ്യം ലഭിക്കുന്ന സമയത്ത് വല കടിച്ചുമുറിച്ച് മത്സ്യങ്ങളെ രക്ഷപ്പെടാൻ സഹായിക്കുകയും വലയ്ക്ക് കേടുപാടുകൾ വരുത്തി മത്സ്യത്തൊഴിലാളികളെ കഷ്ടതയിലാക്കുകയും ചെയ്തിരുന്ന കടൽമാക്രിക്ക് അടുത്തിടവരെ വിലയൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ കനത്ത വറുതിയിൽ മത്സ്യബന്ധന ബോട്ടുകളുടെ നിലനിൽപ്പിനു തന്നെ ആധാരമായി മാറിയിരിക്കുകയാണ് കടൽമാക്രി.
നാട്ടിലുള്ളവർ ഇതിനെ ഭക്ഷണമാക്കാറില്ലെങ്കിലും ചില വിദേശരാജ്യങ്ങളിൽ ഇതിന്റെ മാംസത്തിന് നല്ല വിലയാണത്രേ. അതിനാൽ തന്നെ ഇവയ്ക്ക് ഇപ്പോൾ നല്ല വിലയും ലഭിക്കുന്നുണ്ട്. കടപ്പുറത്തുനിന്നു ലേലം ചെയ്യുന്ന കടൽമാക്രികൾ തല നീക്കം ചെയ്ത് തൊലിയുരിഞ്ഞ് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണിപ്പോൾ.
മത്സ്യലഭ്യത വളരെ കുറവായതു മൂലം കടലിൽ പോകുന്ന ബോട്ടുകൾക്ക് ഡീസൽ കാശുപോലും ഒക്കാത്ത സാഹചര്യത്തിൽ മുനന്പം, മുരുക്കുംപാടം മേഖലകളിൽ പല ബോട്ടുകളും കരയിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് നഷ്ടം സഹിച്ചും കടലിൽ പോകുന്ന ബോട്ടുകൾക്ക് കടൽമാക്രി രക്ഷകനായത്. ആഴക്കടലിലും തീരക്കടലിലും സാന്നിധ്യമുള്ള കടൽ മാക്രികൾ ഇപ്പോൾ വ്യാപകമായി ലഭിക്കുന്നുണ്ട്.
സാമാന്യം നല്ല വില ലഭിക്കുന്നതിനാൽ ബോട്ടുകൾ പലതും ഇപ്പോൾ കടൽമാക്രി ലക്ഷ്യം വച്ചാണ് കടലിലേക്ക് പോകുന്നത്. നാലും അഞ്ചും ദിവസത്തെ മത്സ്യബന്ധനം കഴിഞ്ഞ് ഹാർബറുകളിൽ അടുക്കുന്ന ബോട്ടുകളിൽ ഏറെയും കടൽമാക്രിയാണിപ്പോൾ.
ചൂണ്ടയിടുന്ന ബോട്ടുകൾക്ക് തളയൻ അഥവാ പാന്പാട എന്ന് വിളിക്കുന്ന റിബണ് ഫിഷ് ലഭിക്കുന്നതൊഴിച്ചാൽ മറ്റു മത്സ്യങ്ങളുടെ ലഭ്യത കടലിൽ തീരെ കുറവാണിപ്പോൾ. വലിയ കടൽമാക്രികൾ കയറ്റുമതി ചെയ്യുന്പോൾ ചെറിയവയാകട്ടെ വളത്തിനും വളർത്തുമത്സ്യങ്ങൾക്കു തീറ്റയുണ്ടാക്കാനുമായി അന്യസംസ്ഥാനങ്ങളിലേക്കും കയറ്റിപ്പോകുന്നുണ്ട്.
ഡിമാന്റുള്ളതിനാൽ ഇവ വിലയ്ക്ക് വാങ്ങാൻ ഹാർബറുകളിൽ കയറ്റുമതി കന്പനികളുടെ ഏജന്റുമാർ തമ്മിൽ കടുത്ത മത്സരമാണ്. വറുതിക്കാലം തുടങ്ങിയതോടെ ആശങ്കയിലമർന്ന മത്സ്യമേഖലക്ക് കടൽമാക്രിയുടെ സാന്നിധ്യം ആശ്വാസമേകുന്നുവെന്നാണ് തൊഴിലാളികളും ബോട്ടുടമകളും പറയുന്നത്.