അന്പലപ്പുഴ: കടൽഭിത്തിയുടെ അറ്റകുറ്റപണികൾ നടത്താത്തതും, ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ ഭിത്തി നിർമിക്കാത്തതും മത്സ്യതൊഴിലാളികളുടെ ജീവിതത്തിന് ഭീഷണിയാകുന്നു. ഇന്നലെ പുറക്കാട്, അന്പലപ്പുഴ, പുന്നപ്ര തീരത്തുണ്ടായ കടൽക്ഷോഭം കടൽഭിത്തിയോ, ജിയോ ട്യൂബ് സ്ഥാപിക്കാത്ത സ്ഥലങ്ങളിലായിരുന്നു. ഒരു മാസം മുൻപ് കടൽക്ഷോഭം ഉണ്ടായപ്പോഴും ഉടൻ കടൽഭിത്തിയുടെ അറ്റകുറ്റപണികൾ നടത്തുമെന്ന് അധികൃതർ ഉറപ്പു നല്കിയിരുന്നതാണ്.
ഇന്നലെയുണ്ടായ വേലിയേറ്റത്തിൽ ആറോളം വീടുകൾ തകരുകയും, 200ൽപരം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് മാറ്റുകയും ചെയ്തു. ഏതാനും മാസം മുന്പുണ്ടായ കടലാകമണത്തിലെ 100ൽപരം കുടുംബങ്ങൾ വണ്ടാനം ആശുപത്രിയിലെ ലക്ചർ ഹാളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്നതു കൂടാതെയാണ് വീണ്ടും ക്യാന്പിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കുന്നത്.
പുറക്കാട് എസ്വിഡി യുപി സ്കുൾ, പുറക്കാട് എഎസ്എം എൽപിസ്കൂൾ, എകെഡിഎസ് 57 എന്നിവിടങ്ങളിലേക്ക് നൂറോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുന്പുണ്ടായ കടൽക്ഷോഭത്തിൽ വീടും, സ്ഥലവും നഷ്ടപ്പെട്ട 137 കുടുംബങ്ങൾ ഇപ്പോഴും വിവിധ ക്യാന്പുകളിൽ കഴിയുകയാണ്.
കടൽക്ഷോഭത്തിൽ നിന്നും തീരത്തെ സംരക്ഷിക്കാൻ പുലിമുട്ടോടുകൂടിയ കടൽഭിത്തി വേണമെന്നാണ് മത്സ്യതൊഴിലാളികൾ ആവശ്യപ്പെടുന്നത്. പണം അനുവദിച്ചിട്ടുണ്ടെന്നു പറയുന്നതല്ലാതെ യാതൊരു നിർമാണ പ്രവർത്തനങ്ങളും തീരത്ത് തുടങ്ങാത്തതിൽ രോക്ഷാകുലരാണ് തീരദേശത്തെ മത്സ്യതൊഴിലാളി കുടുംബങ്ങൾ. ഇന്നലെ അന്പലപ്പുഴയിലും, പുറക്കാടുമുണ്ടായ കടൽക്ഷോഭത്തിൽ വീട്ടുപകരണങ്ങൾ പോലും മാറ്റുവാൻ പലർക്കും കഴിഞ്ഞില്ല. കൈയിൽ കിട്ടിയതും കൊണ്ട് രക്ഷപെടുകയായിരുന്നു പലരും.
രാവിലെ തെളിഞ്ഞു നിന്ന മാനം പെട്ടെന്ന് ഇരുളുകയും തിരമാലകൾ ആർത്തിരന്പി കരയിലേയ്ക്കു കയറുകയുമായിരുന്നു. പുന്തല, ആനന്ദേശ്വരം ഭാഗങ്ങളിൽ കടൽവെള്ളമൊഴുകി ദേശീയപാത വരെ എത്തി. ട്രോളിംഗ് നിരോധനം കഴിഞ്ഞ് ഇന്ന് അർത്ഥ രാത്രി മുതൽ ബോട്ടിൽ മത്സ്യബന്ധനത്തിനു പോകാൻ തയാറായിരുന്ന മത്സ്യതൊഴിലാളികൾക്ക് കുുടംബാംഗങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിലാക്കി ജോലിക്കുപോകേണ്ട സാഹചര്യമുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്.
സൗജന്യ റേഷൻ കൊണ്ട് മാത്രം ജീവിക്കാൻ കഴിയില്ലെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. മാസങ്ങളായി തുടരുന്ന കടൽക്ഷോഭവും തുടർച്ചയായുണ്ടാകുന്ന ന്യൂനമർദങ്ങളും ഇവരുടെ ആത്മവിശ്വാസം തന്നെ ഇല്ലാതാക്കിയ അവസ്ഥയിലാണ്.
തീരദേശവാസികൾ ദേശീയപാത ഉപരോധിച്ചു
ഹരിപ്പാട്: കടൽക്ഷോഭം ശക്തമായതോടെ തീരം സംരക്ഷിക്കാൻ നടപടിയാവശ്യപ്പെട്ട് ആറാട്ടുപുഴയിൽ പലയിടങ്ങളിലും പ്രതിഷേധവുമായി ജനം റോഡിലിറങ്ങി. വട്ടച്ചാൽ ജംഗ്ഷന് വടക്കുഭാഗത്ത് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തീരദേശപാത നാട്ടുകാർ ഉപരോധിച്ചു.
കട്ടിലും മറ്റും റോഡിൽ കൊണ്ടുവെച്ച് പ്രതിഷേധക്കാർ ഗതാഗതം തടസപ്പെടുത്തി. ഇവിടെത്തന്നെ കാർഗിൽ ജംഗ്ഷനിലും നാട്ടുകാർ ഗതാഗത തടസമുണ്ടാക്കി. പഞ്ചായത്തിന്റെ വടക്കൻ പ്രദേശമായ കാർത്തിക ജംഗ്ഷന് സമീപവും നാട്ടുകാർ റോഡിൽ തടസം സൃഷ്ടിച്ച് പ്രതിഷേധിച്ചു. ഇവിടെ സമാന്തരമായുളള ഗ്രാമീണ പാതയിലെ ഗതാഗതവും തടസപ്പെടുത്തി.
കാർത്തികപ്പളളി തഹസീൽദാർ പി.എൻ.സാനു സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിനെത്തുടർന്ന് രാത്രി 7.30ക്ക് ഇവിടുത്തെ ഉപരോധം അവസാനിച്ചു. ഈ സമയം മംഗലത്തും നാട്ടുകാർ സംഘടിച്ച് റോഡിൽ അടുപ്പുകൂട്ടി പ്രതിഷേധിച്ചു.
തഹസീൽദാരുമായി നടത്തിയ ചർച്ചയെത്തുടർന്ന് ഇവിടുത്തെ പ്രതിഷേധവും അവസാനിപ്പിക്കാൻ നാട്ടുകാർ തയാറായി. ചൊവ്വാഴ്ച താലൂക്ക് ഓഫീസിൽ വെച്ച് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുടെ പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനുളള അവസരമൊരുക്കാമെന്ന ഉറപ്പിേ·ലാണ് രണ്ടിടത്തു നിന്നും നാട്ടുകാർ പിരിഞ്ഞുപോയത്.