പള്ളുരുത്തി: കടൽക്ഷോഭം രൂക്ഷമായ ചെല്ലാനത്ത് ജനങ്ങളുടെ പ്രതിഷേധം ആളിക്കത്തുന്നു. ഇന്ന് രാവിലെ തീരസംരക്ഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിച്ചെത്തിയ ആളുകൾ പഞ്ചായത്ത് ഓഫീസ് താഴിട്ടുപൂട്ടി. പ്രതിഷേധക്കാർ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കുത്തിയിരിക്കുകയാണ്. കടൽകയറ്റം രൂക്ഷമായിട്ടും അതു തടയുന്നതിനായി പഞ്ചായത്ത് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
കടൽക്ഷോഭം രൂക്ഷമായ പ്രദേശം സന്ദർശിക്കുവാൻ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എത്തിയില്ലെന്നും ആക്ഷേപമുണ്ട്. കാലവർഷം എത്തുന്നതിനു മുൻപേ പൂർത്തിയാക്കുമെന്ന് പറഞ്ഞ ജിയോ ട്യൂബ് നിർമാണം എങ്ങുമെത്തിയില്ല. കടലിനെ പ്രതിരോധിക്കുന്നതിനു സാധാരണ ചെയ്യാറുള്ള പ്രതിരോധ പ്രവർത്തനങ്ങളും പഞ്ചായത്ത് നടത്തിയിരുന്നില്ല.
ഏതാനും ചാക്കുകളിൽ മണൽ നിറച്ചു നിരത്തിയെങ്കിലും അവയെല്ലാം ആദ്യ കടൽകയറ്റത്തിൽ ഒലിച്ചു പോയിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ഓഖി ചുഴലിക്കാറ്റിനു സമാനമായ രീതിയിലാണ് കടൽ കരയിലേക്ക് ഇരച്ചുകയറിയത്. മറുവക്കാട്, വേളാങ്കണ്ണി, ആലുങ്കൽ എന്നിവിടങ്ങളിലാണ് കയറ്റം രൂക്ഷമായി അനുഭവപ്പെട്ടത്. ഈ പ്രദേശത്ത് വെള്ളം റോഡിലേക്ക് വരെ ഒഴുകിയെത്തി.
കടൽക്ഷോഭത്തിന്റെ ദുരിതം നേരിൽ കാണാൻ കളക്ടർ എത്തിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി പോയിരുന്നു. യുദ്ധകാലാടിസ്ഥാനത്തിൻ ജിയോ ട്യൂബിന്റെ നിർമാണം പൂർത്തിയാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് തീരസംരക്ഷസമിതി പ്രവർത്തകർ പറയുന്നത്.