വൈപ്പിൻ: കടലാക്രമണ ഭീതിയിൽ വിറങ്ങലിച്ച് തീരദേശ മേഖല. ഇന്നലെ ഉച്ചയോടെ തുടങ്ങിയ കടൽ കയറ്റം വൈകുന്നേരം അഞ്ചുമണിക്ക് വേലിയിറക്കം ആകുന്നതുവരെ തുടർന്നു. വീണ്ടും രാത്രിയിൽ പലയിടത്തും ചെറിയ രീതിയിൽ കടൽ കയറി. പകൽ സമയത്തു കടൽ കയറി തീരത്ത് ഭീതി ജനിപ്പിച്ചതിനാലും കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാലും കഴിഞ്ഞ രാത്രി തീരദേശവാസികൾ ഉറങ്ങാതെയാണു നേരം വെളുപ്പിച്ചത്.
മുൻ കാലങ്ങളിൽ മഴക്കാലത്തുമാത്രം സംഭവിച്ചിരുന്ന കടൽ കയറ്റം ഇപ്പോൾ കാലം തെറ്റി പലകുറി എത്തി നാശങ്ങൾ വിതക്കുന്ന സാഹചര്യം ഭീതിയോടെയാണ് തീരദേശത്തുകാർ കാണുന്നത്. അഞ്ച് മാസങ്ങൾക്കുമുന്‍പ് നായരന്പലം കുഴുപ്പിള്ളി മേഖലകളിൽ ഓഖി വരുത്തിവെച്ച നാശത്തിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ഇതിനിടയിലാണ് ഇന്നലെ വീണ്ടും കടൽ ഭീതിജനകമായി കരയിലേക്ക് ഒഴുകിയതെന്ന കാര്യവും ഇവരിൽ ആശങ്കക്കിടവരുത്തിയിരിക്കുകയാണ്.
എടവനക്കാട് അണിയൽ കടപ്പുറം, നായരന്പലം പുത്തൻ കടപ്പുറം, വെളിയത്തുപറന്പ് കടപ്പുറം, ഞാറക്കൽ കടപ്പുറം എന്നിവിടങ്ങളിലാണു രൂക്ഷമായ കടൽ കയറ്റം ഉണ്ടായത്. വൈകുന്നേരത്തോടെ ചാത്തങ്ങാട് ബീച്ചിലും കുഴുപ്പിള്ളി ബീച്ചിലും ഐഒസിയുടെ എൽപിജി പദ്ധതി മേഖലയായ പുതുവൈപ്പ് ബീച്ചിലും കടൽ കയറ്റം രൂക്ഷമായി. ഇവിടെ മത്സ്യത്തൊഴിലാളികൾ കരക്ക് കയറ്റി വച്ചിരുന്ന വള്ളമുൾപ്പെടെയുള്ള മത്സ്യബന്ധന ഉപകരണങ്ങൾ അടിയന്തിരമായി നീക്കിയതോടെ വൻ നഷ്ടം ഒഴിവായി.
എടവനക്കാട്, നായരന്പലം, കുഴുപ്പിള്ളി, ഞാറക്കൽ എന്നിവിടങ്ങളിൽ കടൽ കരയിലേക്ക് ഒഴുകിയതിനാൽ നൂറിൽപരം വീടുകളുടെ വളപ്പുകളിൽ വെള്ളം കയറി. ചെറായി അംബേദ്കർ ബീച്ചിലും എടവനക്കാടും കടൽവെള്ളത്തിനൊപ്പം മണലും അടിച്ചു കയറി. കുഴുപ്പിള്ളിയിൽ കാവുങ്കൽ സീത ബാബുവിന്റെ വീട് വെള്ളത്തിൽ മുങ്ങി.
നായരന്പലത്തും രണ്ട് വീടുകളിൽ വെള്ളം കയറി. പലയിടത്തും വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്തതിനാൽ മണിക്കൂറുകളോളം വീട്ടുവളപ്പുകളിൽ കെട്ടിനിന്നതു തീരദേശത്തുകാർക്ക് ദുരിതമായി. ഞാറക്കൽ കടപ്പുറത്ത് മുട്ടിനു മേൽ വരെ വെള്ളം ഉയർന്നു. എല്ലായിടത്തും തീരദേശ റോഡിലെ ഗതാഗതം സ്തംഭിച്ചു. എടവനക്കാട് തീരദേശ റോഡിലേക്ക് അടിച്ചു കയറിയ കടൽ ഈ ഭാഗത്തെ മണൽ തടയണകൾ തകർത്താണു കരയിലേക്ക് ഒഴുകിയെത്തിയത്. ഇവിടെ മാത്രം 40 ഓളം വീടുകളുടെ വളപ്പുകളിൽ വെള്ളം കയറി.
അണിയൽ മുതൽ തെക്കോട്ട് നായരന്പലം കടപ്പുറം വരെ സ്ഥിതി രൂക്ഷമാണ്. അതേ പോലെ അണിയലിൽ നിന്നും വടക്കോട്ട് എടവനക്കാട് ചാത്തങ്ങാട് കടപ്പുറത്തും, കുഴുപ്പിള്ളിയിലും കടൽ കൂടുതൽ ഭീതിയുണർത്തി. ചെറായി ബീച്ചിൽ കടൽ രൂക്ഷമായതിനാൽ ലൈഫ് ഗാർഡുകൾ ടൂറിസ്റ്റുകളെ കടലിലിറങ്ങാൻ സമ്മതിച്ചില്ല. നാശങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ കടുത്ത ഭീതിയിലും ആശങ്കയിലുമാണ്.
റവന്യൂ ഉദ്യോഗസ്ഥൻമാരും പോലീസും സ്ഥലത്തെത്തിയെങ്കിലും ആരെയും മാറ്റിപ്പാർപ്പിച്ചിട്ടില്ല. ഇന്നു രാത്രിവരെ തീരത്ത് മുന്നറിയിപ്പുണ്ട്. അതേ സമയം തീരത്ത് അടിയന്തിരമായി മാറ്റിപ്പാർപ്പിക്കേണ്ടവരെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്നു എസ്. ശർമ്മ എംഎൽഎ ജില്ലാകളക്ടറോട് ആവശ്യപ്പെട്ടു.
ചെല്ലാനത്തു സ്ഥിതി രൂക്ഷം
ചാപ്പക്കടവ് മത്സ്യഗ്യാപ്പിലേക്ക് ഇന്നലെ ഉച്ചയോടെ കടൽവെള്ളം ഇരച്ചുകയറുകയായിരുന്നു. ചാപ്പക്കടവ് ഗ്യാപ്പിൽ കയറ്റി വച്ചിരുന്ന വള്ളങ്ങൾ വെള്ളത്തിൽ ഒഴുകി നടന്നു. വള്ളങ്ങൾ കൂട്ടിയിടിച്ചു നാശനഷ്ടം ഉണ്ടായിട്ടുണ്ട്. രാത്രി വൈകിയും കടൽവെള്ളം ഇറങ്ങിപ്പോയിട്ടില്ല. ചെല്ലാനം ഭാഗത്തും രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെട്ടത്. തീരദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. പലരും ബന്ധുവീടുകളിൽ അഭയം തേടിയിരിക്കുകയാണ്.
ഓഖിദുരന്തത്തിനു സമാനമായ അവസ്ഥയാണ് ചെല്ലാനത്ത് ഉണ്ടായിട്ടുള്ളത്. തീരദേശ റോഡ് കവിഞ്ഞും കിഴക്കോട്ട് വെള്ളംകയറി. കടൽഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടത്. കടൽഭിത്തി താഴ്ന്ന പ്രദേശങ്ങളിലും അതിശക്തമായാണ് തിരമാല കരയിലേക്ക് ഇരച്ചു കയറിയത്. ഉദ്യോഗസ്ഥരാരും ദുരന്തസ്ഥലത്തേക്ക് എത്താത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
ഫോര്‍ട്ടുകൊച്ചി കടപ്പുറം അടച്ചു
മട്ടാഞ്ചേരി: കടൽക്ഷോഭം ശക്തമായതിനെത്തുടര്‍ന്നു ഫോര്‍ട്ടുകൊച്ചി കടപ്പുറം താത്ക്കാലികമായി അടച്ചു. കടപ്പുറത്തേക്കുള്ള പ്രവേശനകവാടം അടച്ചു പോലീസ് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചു. പത്ത് മീറ്ററോളം തിരയുയരുമെന്നു കാലാവസ്ഥാ നിരീക്ഷകര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്നലെ ഉച്ചയോടെ കടല്‍ പെട്ടെന്നു പ്രക്ഷുബ്ധമാവുകയായിരുന്നു. കടല്‍ത്തീരം കവിഞ്ഞും വെള്ളം കയറിയതോടെയാണ് കടപ്പുറത്തേക്കുള്ള സഞ്ചാരികളുടെ പ്രവേശനം അധികൃതര്‍ തടഞ്ഞത്.ഇന്നലെ ഞായറാഴ്ചയായതിനാല്‍ നിരവധിപ്പേരാണ് കടപ്പുറത്ത് വിനോദത്തിനായി എത്തിയത്.
കടല്‍ രൂക്ഷമായതോടെ കടപ്പുറത്തെ കച്ചവടക്കാരെയാണ് ആദ്യം ഒഴിപ്പിച്ചത്. പിന്നീട് സഞ്ചാരികളെയും ഒഴിപ്പിക്കുകയായിരുന്നു. തീരത്തേക്ക കടല്‍ വെള്ളം അടിച്ചുകയറിയതതോടെ സഞ്ചാരികള്‍ ഭയചകിതരായി. ടൂറിസം പോലീസും ഹോംഗാര്‍ഡുകളും ചേര്‍ന്നാണു സഞ്ചാരികളെ നീക്കംചെയ്തത്.