കോഴിക്കോട്: ചെറിയ കടല്‍ ക്ഷോഭം ഉണ്ടായാല്‍പോലും ഇവിടുത്തുകാര്‍ക്ക് പേടിയാണ്. ഓഖി സൃഷ്ടിച്ച ഭീതിപ്പെടുത്തുന്ന ഓര്‍മകള്‍ ഇതുവരെ ഇവരെവിട്ടൊഴിഞ്ഞിട്ടില്ല. ബേപ്പൂര്‍ ബീച്ച്, പൂണാര്വളപ്പ്, ഗോതീശ്വരം, മാറാട്, ചാലിയം കൈതവളപ്പ്, കോട്ടക്കണ്ടി, കടുക്കബസാര്‍ , ബൈത്താനി നഗര്‍, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ് എന്നിവിടങ്ങളിലെ അവസ്ഥയാണിത്. ചെറിയ കടല്‍ക്ഷോഭം ഉണ്ടായാല്‍പോലും ഇവിടെ താമസിക്കുന്നവര്‍ക്ക് ഭീതിയാണ്.കരിങ്കല്‍ ഭിത്തിയുടെ ഉയരക്കുറവാണ് വീടുകളില്‍ വെള്ളം കയറുന്ന അവസ്ഥയുണ്ടാക്കുന്നത്.
മറ്റിടങ്ങളിലാകട്ടെ ഭിത്തി തകര്‍ന്ന നിലയിലും. ചാലിയം കടുക്ക ബസാര്‍ പ്രദേശത്തെ വീടുകളിലേക്ക് ചെറിയ കടല്‍ക്ഷോഭത്തില്‍ പോലും വീടുകളിലേക്ക് വെള്ളംകയറുന്ന അവസ്ഥയാണ്. കടല്‍ഭിത്തി തകര്‍ത്ത് തിരമാലകള്‍ കരയിലേക്കാഞ്ഞടിക്കുന്നതും പതിവുകാഴ്ചയാണ്. ഈ ഭാഗത്ത് രണ്ടുവീടുകള്‍ കഴിഞ്ഞ ദിവസമുണ്ടായ കടല്‍ ക്ഷോഭത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. കിണറുകളില്‍ കടല്‍വെള്ളം കലര്‍ന്ന് കുടിവെള്ളം ഉപയോഗശൂന്യമായ അവസ്ഥയും ഉണ്ട്.
ഭിത്തി താഴ്ന്നതിനാല്‍ വീടുകളിലേക്കു വെള്ളം കയറുന്നത് പതിവാണ്.ഗോതീശ്വരത്തു ഭിത്തിയില്ലാത്ത ഭാഗത്തുകൂടിയാണ് വെള്ളം കരകയറുന്നത്.ഇവിടെ 525 മീറ്ററോളം ഭാഗത്തു കടലിനു സംരക്ഷണ ഭിത്തിയില്ല. മാറാട് തീരദേശ റോഡിലേക്കു വരെ വെള്ളംകയറുന്ന അവസ്ഥയാണ്.വര്‍ഷ കാലത്തു ചാലിയം തീരപ്രദേശങ്ങളില്‍ കടലാക്രമണമുണ്ടാകാറുണ്ട്. എന്നാല്‍ ചാലിയം പുലിമുട്ട് നീളം കൂട്ടിയതിനു ശേഷം തിരയടി അതിരൂക്ഷമാണത്രേ.
കടലുണ്ടിക്കടവില്‍ ഭിത്തി തകര്‍ന്നതുമൂലം ഇതുവഴി വെള്ളം തള്ളിക്കയറുകയാണ്. കടലുണ്ടിക്കടവ് പാലത്തിനു സമീപം ജനവാസ കേന്ദ്രത്തില്‍ 50 മീറ്ററോളം ഭാഗത്തു കടല്‍ ഭിത്തി തകര്‍ന്നിട്ടുണ്ട്. അഴിമുഖത്തുണ്ടാകുന്ന ശക്തമായ തിരയടിയിലും അടിവശത്തെ മണ്ണൊലിച്ചുമാണ് കടല്‍ സംരക്ഷണ ഭിത്തി തകര്‍ന്നത്. കടലുണ്ടിപ്പുഴ അറബിക്കടലില്‍ ചേരുന്ന അഴിമുഖത്ത് തിരയടി ശക്തമായതിനാല്‍ തീരത്തെ കുടുംബങ്ങള്‍ ഭീഷണി നേരിടുന്നു.