ടിക് ടോക്കില്‍ വീഡിയോ എടുക്കുന്നതിനായി പാലത്തില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ പുഴയിലേക്ക് ചാടി! നില കിട്ടാതെ മുങ്ങിത്താഴ്ന്നപ്പോള്‍ രക്ഷകരായത് മത്സ്യത്തൊഴിലാളികള്‍

ടിക് ടോക്ക് വീഡിയോ എടുക്കുന്നതിനായി കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തുചാടിയ പത്ത് വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനുമുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്.

പാലത്തിന്റെ കൈവരികളില്‍ കയറിനിന്നാണ് വിദ്യാര്‍ത്ഥികള്‍ താഴേക്ക് ചാടിയത്. വിദ്യാര്‍ത്ഥികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട പാലത്തിന് മുകളിലുള്ളവര്‍ ബഹളം വെച്ചതോടെ സ്ഥലത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി രക്ഷയ്ക്കെത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തന ദൃശ്യം ഉള്‍പ്പെടുന്ന വീഡിയോകള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്.

ഏറെ സഞ്ചാരികള്‍ എത്തുന്നയിടമാണ് കടലുണ്ടി കടവ് പാലം. വള്ളിക്കുന്ന് കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വും, കടലുണ്ടി പക്ഷി സങ്കേതവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നേരത്തെ ഇതേ പാലത്തിന് മുകളില്‍ നിന്നും ചില യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ സാഹസം

Related posts