ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലയ്ക്ക് രണ്ടുവർഷമായിട്ടും തുന്പില്ലാത്ത സാഹചര്യത്തിൽ കേസ് സിബിഐയ്ക്ക് വിടണണമെന്ന ആവശ്യം ശക്തമായി. കടന്പഴിപ്പുറം കണ്ണർശി വടക്കേക്കര ചീരാപ്പത്ത് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നിവരെ വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
ആദ്യം ലോക്കൽ പോലീസും നിലവിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്ന കേസിൽ ഇതുവരെയും തുന്പൊന്നും ലഭ്യമായിട്ടില്ല. 2016 നവംബർ 15നാണ് ഇരുവരും കൊല്ലപ്പെട്ടത്. വീട്ടിൽ ഇവർ മാത്രമാണ് താമസിച്ചിരുന്നത്. കിടപ്പുമുറിയിൽ മൃഗീയമായി വെട്ടേറ്റ് മരിച്ചനിലയിലായിരുന്നു ജഡങ്ങൾ കണ്ടെത്തിയത്.
പോലീസ് സമീപത്തെ കിണറ്റിൽനിന്നും കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തിരുന്നു. എന്നാൽ പ്രതികളെക്കുറിച്ച് ഒരു തുന്പുപോലും ഉണ്ടാക്കാനായില്ല. കേസ് അന്വേഷണം നടത്തിയ പോലീസ് നൂറിനടുത്ത് ആളുകളെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കുശേഷം കേസന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. എന്നാൽ ഇവർക്കും പ്രതികളെ കണ്ടെത്താനായില്ല.
കൊലപാതകം നടന്ന് രണ്ടുവർഷം കഴിഞ്ഞിട്ടും തുന്പൊന്നുമാകാത്ത സ്ഥിതിക്ക് കേസ് സിബിഐയ്ക്ക് വിടണമെന്നാണ് ജനകീയ ആവശ്യം. ആക്്ഷൻ കൗണ്‍സിൽ തീരുമാനവും ഇതാണ്.