ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലപാതകം നടന്നു മൂന്നുവർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് ഇരുട്ടിൽ തപ്പുന്നു. കടന്പഴിപ്പുറം കണ്ണുകുറിശി പറന്പിൽ ചീരപ്പത്ത് ഗോപാലകൃഷ്ണൻ (62), ഭാര്യ തങ്കമണി (52) എന്നിവരാണ് ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസാണ് അന്വേഷണം വഴിമുട്ടിയത്.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റെടുത്ത കേസന്വേഷണം ഇതുവരെയും എങ്ങുമെത്താത്ത സ്ഥിതിയാണ്. ഏറെ വിവാദം സൃഷ്ടിച്ച ഇരട്ടക്കൊലപാതകം നടത്തിയവരെ കണ്ടെത്താൻ കഴിയാതെ ക്രൈംബ്രാഞ്ചും നിസഹായാവസ്ഥയിലാണ്. അന്വേഷണം വഴിമുട്ടിയതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ വലയുകയാണ്.
2016 നവംബർ 15നാണ് വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ വെട്ടേറ്റ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കിടപ്പുമുറികളിൽ ശിരസിലും കഴുത്തിലും മാരകമായി വെട്ടേറ്റ് മൃതദേഹങ്ങൾ കമിഴ്ന്നു കിടക്കുന്ന സ്ഥിതിയിലായിരുന്നു.
കേസന്വേഷണം ആദ്യം ഏറ്റെടുത്ത ശ്രീകൃഷ്ണപുരം പോലീസിന് പ്രതികളെ കണ്ടെത്താനോ തെളിവ് ശേഖരിക്കാനോ കഴിയാത്ത സാഹചര്യം രൂപപ്പെടുകയും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളിലേക്ക് ജനങ്ങൾ ഇറങ്ങുകയും ചെയ്തിരുന്നു.
ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും നിരാഹാരം ഉൾപ്പെടെയുള്ള സമരപരിപാടികളും അരങ്ങേറി. വീടിന് മുൻഭാഗത്തെ കിണറ്റിലെ വെള്ളംവറ്റിച്ച പോലീസിന് ഇതിനുള്ളിൽനിന്നും കൊലയ്ക്ക് ഉപയോഗിച്ചതായി കരുതുന്ന മൂർച്ചയേറിയ ആയുധം കണ്ടെത്താൻ സാധിച്ചുവെന്നുള്ളതാണ് കേസ് സംബന്ധമായ അന്വേഷണത്തിലുണ്ടായ ഏക പുരോഗതി.
കേസ് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ പോലീസ് കടന്പഴിപ്പുറം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ബോക്സുകൾ സ്ഥാപിക്കുകയും ഇതുവഴി കേസിന് തുന്പുണ്ടാക്കാൻ കഴിയുന്ന എന്തെങ്കിലും സൂചനകൾ ലഭിക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാൽ പോലീസിന്റെ ഈ കണക്കുകൂട്ടലുകളും അസ്ഥാനത്തായി. തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസന്വേഷണം വഴിമുട്ടിയെന്നും അന്വേഷണം ക്രൈംബ്രാഞ്ചിനോ സിബിഐയ്ക്കോ കൈമാറണമെന്നും വ്യാപകമായി ആവശ്യമുയർന്നു.
തുടർന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കിയത്. എന്നാൽ ക്രൈംബ്രാഞ്ചിനു കേസുമായി ബന്ധപ്പെട്ട് ഒരടിപോലും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. നൂറുകണക്കിനാളുകളെ പോലീസും ക്രൈംബ്രാഞ്ചും ഇതിനകം ചോദ്യം ചെയ്തു കഴിഞ്ഞു. ഇതിനുപുറമേ ആയിരക്കണക്കിനാളുകളുടെ മൊബൈൽ ടവറും പരിശോധനയ്ക്ക് വിധേയമാക്കി എന്നാൽ ഇതിൽനിന്നും ഒന്നും തന്നെ പ്രതികളെ കണ്ടെത്താൻ ആവശ്യമായ തെളിവുകളിലേക്ക് എത്തിച്ചേരാൻ അന്വേഷണസംഘത്തിന്സാധിച്ചില്ല.
കൃത്യം നടന്നു മൂന്നുവർഷം കഴിഞ്ഞിട്ടും ഇതുവരെയും പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘങ്ങൾക്ക് സാധിക്കാത്ത സ്ഥിതിയാണ്. ഇതിനാൽ തന്നെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന ആവശ്യമാണ് ഉയർന്നിട്ടുള്ളത്. അതേസമയം ഒരു നാടിനെയാകെ ഞെട്ടിച്ചു നടന്ന ഇരട്ട കൊലപാതകത്തിൽ ഇതുവരെയും പ്രതികളെ കണ്ടെത്താൻ കഴിയാതെ അന്വേഷണസംഘം ഇരുട്ടിൽ തപ്പുന്പോൾ ജനങ്ങൾ ഇ്പ്പോഴും ആശങ്കയിലാണ്.
കടന്പഴിപ്പുറം ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ
ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആക്ഷൻ കൗണ്‍സിൽ. കൃത്യം നടന്ന് മൂന്നുവർഷം പിന്നിട്ടിട്ടും ലോക്കൽ പോലീസിനും ക്രൈംബ്രാഞ്ചിനും പ്രതികളെ കണ്ടെത്താനോ കേസ് തെളിയിക്കാനോ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആക്ഷൻ കൗണ്‍സിൽ ആവശ്യം ഉന്നയിച്ചത്.സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പ്രക്ഷോഭത്തിന് ഇറങ്ങാനാണ് ആക്ഷൻ കൗണ്‍സിൽ തീരുമാനം.