ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലപാതകത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചു. കേസന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചത്.
രണ്ടരവർഷമായിട്ടും ഇരട്ടക്കൊലപാതകം തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ആക്ഷൻ കൗണ്‍സിൽ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. 2016 നവംബർ 15നാണ് കടന്പഴിപ്പുറം കണ്ണൂകുറിശി വടക്കേക്കര ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമണിയേയും വീട്ടിനുള്ളിൽ വെട്ടി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
ദന്പതിമാരുടെ കൊലപാതകം എന്തിനുവേണ്ടിയായിരുന്നുവെന്ന് പോലീസിന് ഇനിയും കണ്ടെത്താനായില്ല. ലോക്കൽ പോലീസിൽ നിന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് ഇപ്പോൾ അന്വേഷണച്ചുമതല. കടന്പഴിപ്പുറത്തെ കണ്ണൂകുറിശി വീട്ടിൽ രാവിലെ ആളനക്കമില്ലാത്തതു കണ്ട് റബർവെട്ടാൻ എത്തിയ സമീപവാസി ആണ് നാട്ടുകാരോട് വിവരം പറഞ്ഞത്.
തുടർന്ന് ശ്രീകൃഷ്ണപുരം പോലീസെത്തി വീടിന്റെ വാതിൽ പൊളിച്ച് പരിശോധിച്ചപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്.വീടിന്റെ അടുക്കളവശത്തെ ഓടിളക്കി അകത്തുകയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് നിഗമനം.പരിശോധന നടത്തിയ പോലീസിന് ഒന്നിലധികംപേരുടെ വിരലടയാള രേഖകൾ കണ്ടെത്താനായി.
കിണറ്റിൽനിന്ന് കൊലചെയ്യാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന മടവാളും വടിയും ടോർച്ചും ലഭിച്ചു. വീടിനകത്ത് കയറിയവർ തെളിവു നശിപ്പിക്കാൻ ഫിനോയിൽ കലർത്തിയ വെള്ളം ഒഴിച്ചതും പോലീസിനെ വട്ടംകറക്കി.ശ്രീകൃഷ്ണപുരം പോലീസിന്റെ അന്വേഷണം പോരെന്ന് പറഞ്ഞ് പ്രദേശവാസികളും ചില സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കപ്പെട്ടു.
തുടർന്നാണ് കേസന്വേഷണം ലോക്കൽ പോലീസിൽനിന്നും ക്രൈംബ്രാഞ്ചിന് കൈമാറിയത്.കേസന്വേഷണം കൈമാറിയിട്ട് ഏകദേശം രണ്ടുവർഷം കഴിഞ്ഞു. ഉദ്ദേശം 200 ഓളംപേരുടെ മൊഴിയും കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രേഖപ്പെടുത്തി. എന്നിട്ടും ഒരു പ്രതിയെപോലും കണ്ടെത്താൻ പോലീസിനായില്ല. കേസന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആക്ഷൻ കൗണ്‍സിൽ യോഗം ആവശ്യപ്പെട്ടത്. ഇതിനായി ഹൈക്കോടതിയെ സമീപിക്കാനാണ് ആക്ഷൻ കൗണ്‍സിൽ തീരുമാനമെന്ന് പ്രസിഡന്റ് കേശവൻ നെട്ടാത്ത്, സെക്രട്ടറി യു.ഹരിദാസൻ വൈദ്യർ എന്നിവർ അറിയിച്ചു.