കിഴക്കമ്പലം: കടമ്പ്രയാറിൽ പുൽക്കെട്ട് നിറഞ്ഞത് ബോട്ടിംഗിനു വീണ്ടും വെല്ലുവിളിയായി. പോളപ്പായലും വള്ളിപ്പായലും ഒപ്പം പുല്ലും നിറഞ്ഞതോടെ മനയ്ക്കക്കടവിൽ നിന്നുള്ള ബോട്ടിംഗിന് തടസം നേരിടുകയാണ്. പുല്ല് നിറഞ്ഞ് വലിയ കൂനയായി രൂപപ്പെട്ട നിലയിലാണ്.
അടുത്തിടെ ലക്ഷങ്ങൾ ചെലവഴിച്ച് പോളപ്പായൽ നീക്കിയെങ്കിലും വീണ്ടും പായൽ നിറഞ്ഞ് നീരൊഴുക്ക് നിലച്ച നിലയിലാണ്. പായൽ നീക്കം ചെയ്യാനുള്ള സമയം കഴിഞ്ഞിട്ടും അധികൃതരുടെ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം.
നാടൻ മത്സ്യങ്ങളുടെ കലവറയായ കടമ്പ്രയാറിൽ പുല്ലും പായലും നിറഞ്ഞതോടെ വലയിറക്കാൻ സാധിക്കുന്നില്ലെന്ന് മീൻപിടുത്തക്കാർ പറഞ്ഞു. മലിനീകരണം മൂലം ശരീരത്തിൽ ചൊറിച്ചിൽ അനുവപ്പെടുന്നതായും മത്സ്യതൊഴിലാളികൾ പറഞ്ഞു.
സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പായൽ നീക്കം ചെയ്യുന്നത്. ഒരു കാലത്ത് നീരൊഴുക്ക് ശക്തമായി മത്സ്യസമ്പത്ത് നിറഞ്ഞിരുന്ന പുഴയുടെ പ്രതാപകാലം മങ്ങിയിരിക്കുകയാണ്. കടമ്പ്രയാറിന്റെ തീരത്തുള്ള വ്യവസായ സ്ഥാപനങ്ങളിൽനിന്നു രാസമാലിന്യം തള്ളൽ തുടരുകയാണ്. പള്ളിക്കര മനയ്ക്കക്കടവ് റോഡിൽനിന്നു ചാക്കുകളിലായാണ് മാലിന്യം തള്ളുന്നത്.