കിഴക്കന്പലം: കാണാമറയത്തെ കാഴ്ചകൾക്കായി ആരംഭിച്ച കടന്പ്രയാർ ടൂറിസം പദ്ധതിയിൽ സർക്കാരുകൾ തുലച്ചത് കോടികൾ. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിലിന്റെയും ഭരണക്കാരുടെയും പകൽക്കൊള്ളയുടെ നേർച്ചിത്രങ്ങൾ കൂടിയാണ് കടന്പ്രയാർ ടൂറിസം പദ്ധതി.
കിഴക്കന്പലം പഞ്ചായത്തിലെ നാലു തോടുകളുടെ സംഗമ കേന്ദ്രമായ കടന്പ്രയാറിൽ 2009 ലാണ് ഇക്കോ ടൂറിസത്തിനായി തുറന്നത്. തനതു പ്രകൃതി വിഭവങ്ങൾ നിലനിർത്തിക്കൊണ്ട് ആരംഭിച്ച പദ്ധതിയിൽ തോടുകൾ സംഗമിക്കുന്ന പ്രദേശത്ത് ബണ്ടുകൾ നിർമിച്ച് നടപ്പാത ഒരുക്കിയായിരുന്നു തുടക്കം. പിന്നീട് ബോട്ട് സർവീസിനായി ലക്ഷങ്ങൾ ചെലവഴിച്ച് തോടിൽ ഡ്രിഡ്ജിംഗ് നടത്തിയെങ്കിലും ആഴം വർധിച്ചില്ല.
മണ്ണ് അടിയുന്നതിനാലാണ് ആഴം വർധിക്കാത്തതെന്ന് ബന്ധപ്പെട്ടവർ നൽകുന്ന മറുപടി. ബോട്ട് സർവീസ് ആരംഭിക്കുന്നതോടെ എറണാകുളം ബോട്ട് ജെട്ടിയിലേക്കും ചിത്രപ്പുഴയിലേക്കും ജല ഗതാഗത സൗകര്യം ഒരുങ്ങുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.
കടന്പ്രയാറിന്റെ കരയിൽ ഇരുന്നുള്ള മീൻപിടിത്തവും ബോട്ടു സഞ്ചാരവും പ്രദേശത്തെ ഏക്കർ കണക്കിന് പാടശേഖരങ്ങളിൽ കൃഷിയിറക്കി വിദേശീയരെ കോൾമയിർക്കൊള്ളിക്കാനും പദ്ധതി ലക്ഷ്യമിട്ടിരുന്നു. ഇതിനായി ഒരു ദശാബ്ദക്കാലത്തിനിടയ്ക്ക് വന്ന സർക്കാരുകൾ ചെലവഴിച്ച തുകയ്ക്ക് കൃത്യമായ കണക്കില്ല.
ലക്ഷങ്ങൾ ചെലവഴിച്ച് തൂക്കുപാലവും ബണ്ടുകളിൽ നടപ്പാതകൾ നിർമിച്ച് മോടിപിടിക്കുകയും ചെയ്തിരുന്നു. എന്നാൽ കടന്പ്രയാർ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന കൗമാരക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. ഇവിടുത്തെ വാക്ക്വേയും തെങ്ങിൻത്തോപ്പുകളും ഇവർക്ക് പറുദീസ ഒരുക്കുകയാണ്.
കുടുംബമായി എത്തുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. കുന്നത്തുനാട് പഞ്ചായത്തിൽനിന്നു ഇവിടേയ്ക്കു നിർമിക്കുന്ന പാലം പൂർത്തിയായാൽ കടന്പ്രയാർ തീരം സജീവമാകാൻ സാധ്യതയുണ്ട്. തൊട്ടടുത്ത അമ്യൂസ്മെന്റ് പാർക്കിലെത്തുന്നവർക്കും ഇവിടേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും.
പാടശേഖരങ്ങൾ കൈക്കലാക്കി ഭൂമാഫിയ
ടൂറിസം കേന്ദ്രത്തിനോട് ചേർന്നുകിടക്കുന്ന ഏക്കർ കണക്കിന് പാടശേഖരങ്ങൾ കൃഷി യോഗ്യമല്ലാത്തവിധം പുല്ലുപിടിച്ചു കിടക്കുകയാണ്. വടക്കെ ഇന്ത്യൻ ഭൂമാഫിയകൾ ഉൾപ്പെടെയുള്ളവരാണ് ഇന്ന് ഈ പാടശേഖരങ്ങളുടെ ഉടമകൾ.
കാലക്രമേണ ഇവിടെ മണ്ണിട്ട് നികത്തി കൂറ്റൻ കെട്ടിടങ്ങൾ ഉയരുമെന്നാണ് നാട്ടുകാർ പറയുന്നത്. കടന്പ്രയാർ ടൂറിസം പദ്ധതി കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാകുമെന്നു കരുതിയിരുന്ന പ്രദേശത്തെ കർഷകർ തങ്ങളുടെ ഉള്ള കൃഷികൂടി നശിച്ചുപോയതിന്റെ വേദനയിലാണ്.