ഒറ്റപ്പാലം: കടന്പഴിപ്പുറം ഇരട്ടക്കൊലയ്ക്ക് രണ്ടുവയസായതോടെ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഇടപെടൽ. 2016-ൽ നടന്ന കൊലപാതകത്തിൽ അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പ്രതികളെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് മുഖ്യമന്ത്രി നിർദേശം നല്കിയത്.
പ്രതികളെ ഉടനേ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പി.ഉണ്ണി എംഎൽഎ നിയമസഭയിൽ രേഖാമൂലം നല്കിയ സബ്മിഷനിലാണ് മുഖ്യമന്ത്രി മറുപടിനല്കിയത്.ഇതിനകം 185-ഓളം സാക്ഷികളിൽനിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. സ്ഥലത്തുനിന്നും ലഭിച്ച വിരലടയാളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
പരിസരത്തുള്ള മുഴുവനാളുകളുടെയും ഫോണ് നന്പർ പരിശോധിക്കുകയും കന്പം, തേനി, ഒട്ടൻഛത്രം എന്നിവിടങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്തതായി മുഖ്യമന്ത്രി വ്യക്തമാക്കി.സ്ഥലത്തുനിന്നും കാണാതായ പരിസരവാസികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
ഇയാൾക്ക് ബന്ധമുള്ള ചെന്നൈയിലെ പണമിടപാട് സ്ഥാപനങ്ങളിലും അന്വേഷണം നടന്നുവരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.2016 നവംബർ 14നാണ് കടന്പഴിപ്പുറം കണ്ണുകുറിശിപറന്പിൽ ഗോപാലകൃഷ്ണനെയും ഭാര്യ തങ്കമ്മയേയും കിടപ്പുമുറിയിൽ വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഓടുപൊളിച്ച് അകത്തുകടന്നു കൃത്യത്തിനുശേഷം മൂന്നുപവൻ സ്വർണവും പ്രതി കവർച്ച ചെയ്തു. ലോക്കൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുന്പില്ലാത്തതിനാൽ കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. എന്നാൽ രണ്ടുവർഷമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്ത സ്ഥിതിയാണ്.