ശ്രീകൃഷ്ണപുരം: ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കുന്ന കടന്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രം ഐഎസ് ഒ നിറവിൽ. പൊടിപടലം മാറ്റി അഴുക്ക് കഴുകിക്കളഞ്ഞു, പുതിയ നിറത്തിൽ കടന്പഴിപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തിന് ഇനി പുതിയ മുഖം.
മെഡിക്കൽ ഓഫീസർ ഡോ. ദീപക് ഗോപിനാഥ്, ഹെൽത്ത് സൂപ്പർവൈസർ ടി.എസ്.സുബ്രഹ്മണ്യൻ, ഹെഡ് നേഴ്സ് സതീരത്നം എന്നിവരുടെ നേതൃത്വത്തിൽ സമർപ്പിതരായ ജീവനക്കാർ കഠിനാധ്വാനത്തിലൂടെയാണ് ആശുപത്രിയുടെ അക്ഷരാർത്ഥത്തിലുള്ള മാറ്റം.റെക്കാർഡ് റൂം സജ്ജമാക്കി ഒപി വിഭാഗം കാലോചിതമായി പരിഷ്കരിച്ചു.
ശീതികരിച്ച ഫാർമസി, ലാബ് വിഭാഗം എന്നിവ അടുക്കും ചിട്ടയുമുള്ളതാക്കി. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിച്ചു. കട്ടിലുകൾ പെയിന്റിംഗ് നടത്തി, ഓരോദിവസവും മാറിയ നിറത്തിൽ ബഡ്ഷീറ്റുകൾ ഒരുക്കിയതിനു പുറമേ കോണ്‍ഫ്രൻസ് ഹാൾ സൗകര്യപ്രദമാക്കി.
കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള കെട്ടിടം മനോഹരമാക്കി കുത്തിവയ്പു കേന്ദ്രത്തിൽ കിഡ്സ് കോർണർ ഒരുക്കി. കൗമാര പ്രായക്കാരായവർക്ക് കൗണ്‍സിലിംഗ് സെന്റർ സജ്ജമാക്കുകയും കാന്റീൻ പരിഷ്കരിക്കുകയും ചെയ്തു.ഡൈനിംഗ് ഹാളൊരുക്കുകയും ജൈവമാലിന്യ സംസ്കരണത്തിനായി തുന്പൂർമുഴി മാതൃകയിൽ സൗകര്യമൊരുക്കി. പൗരാവകാശ രേഖ പ്രസിദ്ധപ്പെടുത്തി. ആശുപത്രികെട്ടിലും മട്ടിലും നവീകരിക്കപ്പെട്ടു.
ഐഎസ്ഒ അംഗീകാരം നേടുന്നതിന് കണ്‍സൾട്ടൻസി ഏജൻസിയായി ടി.ക്യു ഏജൻസി എന്ന സ്ഥാപനവും സർട്ടിഫിക്കേഷൻ ഏജൻസിയായി ടാറ്റാ കണ്‍സൾട്ടൻസി എന്ന സ്ഥാപനവുമാണ് ചുമതല വഹിച്ചത്. ഡോ. സി.അശോകൻ, രാധാകൃഷ്ണൻ, തോമസ് ബേബി എന്നിവരാണ് ഐഎസ് ഒ വിലയിരുത്തലിന് നേതൃത്വം നല്‍കിയത്.
ഇതിന്റെ ഭാഗമായി നടന്ന എൻട്രി, എക്സിറ്റ് യോഗങ്ങളിൽ പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. കടന്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതിവാസൻ, കെ.ശാന്തകുമാരി, ടി.രാമചന്ദ്രൻ മാസ്റ്റർ, പി.എം.നാരായണൻ, പി.കുഞ്ഞഹമ്മദ്, ഉഷാ നാരായണൻ, സി.രാജൻ, ബിഡിഒ കെ.മൊയ്തുകുട്ടി, ഡോ. ദീപക് ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.