ആലുവ: നാലര വർഷമായി നഗരസഭയുടെ പുതിയ മാർക്കറ്റ് നിർമാണത്തിനായി 87 ലക്ഷം രൂപ മുൻകൂർ തുക നൽകി കാത്തിരുന്ന കച്ചവടക്കാർ കെട്ടിടനിർമാണം അനന്തമായി നീളുന്നതിൽ പ്രതിഷേധിച്ച് താത്ക്കാലിക കടകൾ നിർമിക്കാൻ ശ്രമം. ഭരണ, പ്രതിപക്ഷ കൗൺസിലർമാർ ഇതിനെതിരേ നിശബ്ദരായപ്പോൾ മൂന്നാം മുന്നണിയായി നിൽക്കുന്ന കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്തെത്തി.
പുതിയ മാര്‍ക്കറ്റ് നിര്‍മാണത്തിന്റെ പേരില്‍ പഴയ കെട്ടിടം പൊളിച്ചപ്പോൾ കുടിയിറക്കപ്പെട്ട 11 കച്ചവടക്കാരാണ് 11 കടകൾ നിർമിക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ കൗൺസിലർമാരായ എ.സി. സന്തോഷ് കുമാർ, സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ എന്നിവർ പോലീസിനെ വിളിച്ചുവരുത്തി നിർമാണം തടസപ്പെടുത്തുകയായിരുന്നു.
അഞ്ച് കടകൾക്കുള്ള ഇരുമ്പ് കാലുകൾ സ്ഥാപിച്ചിട്ടുണ്ട്. മുനിസിപ്പൽ സെക്രട്ടറിയെ വിവരമറിയിച്ചതിനെത്തുടർന്ന് ഇന്നലെ നഗരസഭ നേരിട്ട് ഷെഡ് പൊളിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും നടപടിയുണ്ടായില്ല. എത്രയും വേഗം ഇരുമ്പ് കാലുകൾ എടുത്ത് മാറ്റണമെന്നാണ് മൂന്ന് കൗൺസിലർമാർ ആവശ്യപ്പെടുന്നത്.
അതേസമയം പുതിയ കെട്ടിടം എന്ന് നിർമിക്കാനാകുമെന്ന് നഗരസഭയ്ക്ക് ഉറപ്പ് പറയാനാകുന്നില്ല. രണ്ടര ഏക്കറോളം വരുന്ന നിശ്ചിത സ്ഥലം ഇപ്പോൾ വെറുതെ കിടക്കുകയാണ്. 2014 ഓഗസ്റ്റ് 29ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ആലുവ നഗരസഭയുടെ പൊതുമാര്‍ക്കറ്റിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. 10 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി വായ്പയെടുക്കാന്‍ നഗരസഭ ലക്ഷ്യമിട്ടത്.
എന്നാൽ യാതൊരു രേഖകളും ഇല്ലാത്ത സ്ഥലത്തെ കെട്ടിടമാണ് പുതിയ പദ്ധതിക്കായി മുന്‍ ഭരണസമിതി പൊളിച്ചത്. പകരം ഈട് നൽകാൻ എതിർപ്പുകൾ കാരണം കഴിയുന്നില്ല. ഇതാണ് കാലതാമസം വരാനുള്ള കാരണമായത്. കൂടാതെ ഭരണപക്ഷ കൗൺസിലർമാർ തന്നെ പദ്ധതിക്ക് പാരയായി രംഗത്തുണ്ട്.