കാസര്‍ഗോഡ്: കീഴൂര്‍ അഴിമുഖത്ത് ഇന്നലെ ഫൈബര്‍ തോണി തിരമാലയില്‍പെട്ട് തകര്‍ന്ന് കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കണ്ടെടുത്തു.
കാസര്‍ഗോഡ് കസബ കടപ്പുറം ശ്രീകുറുംബ ക്ഷേത്രപരിസരത്തെ എ. രതീഷ് (30), എസ്. സന്ദീപ് (32), എസ്. കാര്‍ത്തിക് (19) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെയാണ് കീഴൂര്‍ കടപ്പുറത്തിനു സമീപം മൂന്നു മൃതദേഹങ്ങളും കണ്ടെടുത്തത്.
ഇന്നലെ പുലര്‍ച്ചെ ആറുമണിയോടെയാണ് ഇവര്‍ സഞ്ചരിച്ച സന്ദീപ് ആഞ്ജനേയ എന്ന ഫൈബര്‍ വള്ളം തിരമാലയില്‍പെട്ട് മറിഞ്ഞത്. വള്ളത്തിന്റെ ഒരു ഭാഗം തിരയടിച്ച് തകരുകയും ചെയ്തു.
വള്ളത്തിന്റെ എന്ജിന് പ്രവര്‍ത്തിപ്പിച്ചിരുന്ന മണിക്കുട്ടന് (34), മത്സ്യത്തൊഴിലാളികളായ ഷിബിന്‍ (23), രവി (42), ശശി(35) എന്നിവര്‍ പരിക്കുകളോടെ നീന്തി രക്ഷപ്പെടുകയായിരുന്നു.
സാരമായി പരിക്കേറ്റ ഷിബിനെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടവിവരമറിഞ്ഞ് സമീപസ്ഥലങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
മറിഞ്ഞ വള്ളവും ഭാഗികമായി തകര്‍ന്ന നിലയില്‍ കരയ്ക്കെത്തിച്ചു. തിരുവനന്തപുരത്തുനിന്നും പണിതുകൊണ്ടുവന്ന വള്ളം രണ്ടുമാസം മുമ്പാണ് നീറ്റിലിറക്കിയത്.
തീരദേശ പോലീസിന്റെ ഭാഗത്തുനിന്നുള്ള രക്ഷാപ്രവര്‍ത്തനം വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
കോസ്റ്റ്ഗാര്‍ഡിന്റെയും തീരദേശ പോലീസിന്റെയും ബോട്ടുകള്‍ ഞായറാഴ്ച പകല്‍ മുഴുവന്‍ തെരച്ചില്‍ നടത്തിയെങ്കിലും കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല.
ഇന്നു പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ വീണ്ടും നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കീഴൂര്‍ കടപ്പുറത്ത് 50 ലക്ഷം രൂപ ചെലവില്‍ ഫിഷറീസ് സ്റ്റേഷന് നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടില്ല.
ഇതിനെതിരെ നാട്ടുകാരുടെയും മത്സ്യത്തൊഴിലാളി സംഘടനകളുടെയും നേതൃത്വത്തില്‍ പലവട്ടം പ്രതിഷേധസമരങ്ങള്‍ നടന്നിരുന്നതാണ്.
അധികൃതരുടെ കാലതാമസത്തിന് ഒടുവില്‍ വിലയായി നല്‍കേണ്ടിവന്നത് മൂന്നു പേരുടെ ജീവനാണ്.
ട്രോളിംഗ് നിരോധനകാലത്ത് ചെറുവള്ളങ്ങളില്‍ മീന്‍പിടിത്തത്തിന് പോകുന്നവര്‍ അപകടത്തില്‍ പെട്ടാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടെങ്കിലും പ്രവര്‍ത്തനം തുടങ്ങാത്തതിനാല്‍ പ്രയോജനപ്പെട്ടില്ല.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് വാടകയ്ക്കെടുത്ത ബോട്ടുകളും ദൂരസ്ഥലങ്ങളില്‍ നിന്നും എത്തുമ്പോഴേക്കും മണിക്കൂറുകള്‍ വൈകിയിരുന്നു.
കസബ കടപ്പുറത്തെ അമ്പാടി കടവന്റെയും കല്യാണിയുടെയും മകനാണ് രതീഷ്. ശശിയുടെയും സാവിത്രിയുടെയും മകനാണ് സന്ദീപ്. വിദ്യാര്‍ഥിയായ കാര്‍ത്തിക് കയബ കടപ്പുറത്തെ ഷണ്മുഖന്റെയും റീനയുടെയും മകനാണ്.