ചവറ: പറമ്പിലെ പുളിമരത്തിലെ കൂട് കൂട്ടിയ കടന്നലുകൾ വീട്ടുകാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. കടന്നലിന്റെ ആക്രമണത്തിൽ സമീപവാസികളായ മൂന്ന് സ്ത്രീകൾക്ക് കുത്തേറ്റു. പന്മന ആക്കൽ പുളിമൂട്ടിൽ വീട്ടിൽ മൈതീൻകുഞ്ഞിന്റെ വീടിനോട് ചേർന്നാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്.
ഏകദേശം നാലു മാസമായി ഭയത്തോടെ താമസിക്കുന്ന സമീപവാസികളായ സ്ത്രീകൾക്ക് ഇതിനകം തന്നെ കടന്നലിന്റെ ആക്രമണമുണ്ടായി. പന്മന ആക്കൽ കിഴക്കേകണ്ണൻകോട്ട് കുമാരി, ഹൻഷാ മൻസിലിൽ ലൈലാബീവി, നടുവില മുറിയിൽ സുധാ ദേവി എന്നിവർക്കാണ് കുത്തേറ്റത്. ദിവസങ്ങൾ കഴിയുന്തോറും കൂട് വലുതായി മാറുകയാണ്. ഇതോടെ സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ ഭീതിയോടെയാണ് കഴിയുന്നത്.
ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടാകാത്ത സ്ഥിതിയാണുള്ളത്. രാത്രി സമയങ്ങളിലാണ് കടന്നലിന്റെശല്യം വർധിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. വലിയ കടന്നൽ കൂട്ടിൽ നിന്നും വീടുകളിലെ ലൈറ്റുകൾക്ക് സമീപത്തായി കൂട്ടമായി പറന്നെത്തുന്ന കടന്നലുകൾ കിണറുകളിലും ആഹാര സാധനങ്ങളിലുമായി വന്ന് വീഴുകയാണ്. പുളിമരത്തിന് മുകളിലായി കൂട് കൂട്ടിയ കടന്നൽകൂട് ഇളകുമോയെന്ന ഭീതിയിലാണ് പ്രദേശവാസികൾ.