എടത്വ: വീട്ടുകാർക്കും നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി ഭീമാകരമായ രീതിയിൽ കടന്നൽ കൂട്. എടത്വ ചങ്ങംകരി പടിഞ്ഞാറേ ഉലക്കപാടി പരേതനായ ടോമിച്ചന്റെ വീട്ടിലെ മരത്തിന്റെ ചില്ലകൾക്കിടയിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. വീടിനുള്ളിലേക്കും കയറുന്നുണ്ട്.
കടന്നലിനെ ഭയന്ന് ടോമിച്ചന്റെ ഭാര്യ സെലിൻ തോമസ് വീട്ടിൽ നിന്ന് താമസം മാറ്റിയിരിക്കുകയാണ്. ബന്ധു വീട്ടുകളിലാണ് സെലിൻ ഇപ്പോൾ താമസിക്കുന്നത്. വീടിന്റെ മുറ്റത്തിനോട് ചേർന്ന് അടുക്കള ഭാഗത്തായി നിൽക്കുന്ന മാവിലാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. രണ്ട് മാസത്തിലധികമായി ചെറിയ കൂടായി കാണപെട്ടിരുന്നെങ്കിലും ഇത് ദിവസം കഴിയുന്തോറും വലിപ്പം കൂടി വരുകയാണ്.
കൂട് ഇപ്പോൾ വലിയ ചാക്ക് വലിപ്പത്തിലായിട്ടുണ്ട്. ഇത് പറന്ന് നടക്കുന്നതിനാൽ വീട്ടുകാർക്കും നാട്ടുകാർക്കും പേടിയായിരിക്കുകയാണ്. രാവിലേയും വൈകുന്നേരവും നിരവധി കുട്ടികളാണ് വീടിന് മുന്നിലൂടെ കിടക്കുന്ന റോഡിലൂടെ സഞ്ചരിക്കുന്നത്.
കാട്ടിൽ കാണുന്ന തരത്തിലുള്ള വലിയ കടന്നലാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്. കടന്നലിന്റെ ആക്രമണം ഭയന്ന് ഇതിനെ കത്തിക്കാനോ ഓടിക്കാനോ നാട്ടുകാരും തയാറാവുന്നില്ല.