മാങ്കാംകുഴി : വിവാഹ ഓഡിറ്റോറിയത്തിന് മുകളിലെ ഭീമൻ കടന്നൽ കൂട് ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിട്ടും കടന്നൽക്കൂട് നശിപ്പിക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.
കഴിഞ്ഞദിവസം രണ്ടുപേർക്ക് ഇവിടെ കടന്നലിന്റെ കുത്തേറ്റു. ഇവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മാവേലിക്കര പന്തളം റോഡിൽ മാങ്കാംകുഴി ജംഗ്ഷന് കിഴക്ക് ഭാഗത്തായുള്ള മാസ് ഓഡിറ്റോറിയത്തിന് മുന്പിലാണ് ഭീമൻ കടന്നൽകൂട് അപകട ഭീഷണി ഉയർത്തുന്നത്.
ഓഡിറ്റോറിയം കെട്ടിടത്തിന് താഴെ ഫെഡറൽ ബാങ്ക് ശാഖയും ഇതിന്റെ എടിഎം കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്. ബാങ്കിൽ എത്തുന്ന ജനങ്ങൾക്കും പകൽ പറന്ന് നടക്കുന്ന കടന്നൽക്കൂട്ടങ്ങൾ ഇപ്പോൾ ഭീഷണിയായി മാറിയിരിക്കുകയാണ്.
കടന്നൽകൂടുകൾ നശിപ്പിക്കണമെന്ന് നിരവധി തവണ നാട്ടുകാർ ഓഡിറ്റോറിയം ഉടമയോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജില്ലയിൽ കടന്നൽ കുത്തേറ്റ് കഴിഞ്ഞ ഒരുവർഷത്തിനിടെ ആറിലധികം പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
ആക്രമണം ഉണ്ടാകുന്പോൾ ജാഗ്രത പാലിക്കുകയും പിന്നീട് അവഗണിക്കുകയും ചെയ്യുന്പോൾ കടന്നൽ കൂടുകൾ വർദ്ധിക്കുകയും ആക്രമണങ്ങൾ വ്യാപകമാകുകയാണ് പതിവ്. ഓഡിറ്റോറിയങ്ങളുടെ മുകൾ ഭാഗങ്ങളിലാണ് കടന്നലുകൾ കൂടുക്കൂട്ടുന്നത്.
പകൽ സമയങ്ങളിൽ പറന്ന് നടക്കുന്ന കടന്നലുകൾ കൂട്ടത്തോടെയാണ് ജനങ്ങളെ ആക്രമിക്കുന്നത്. കായംകുളം ജിഡിഎം ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർ മുന്പ് കടന്നലുകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.
ഗുരുതരമായി കുത്തേറ്റ മുതുകുളം വന്ദിക പ്പള്ളി കൊച്ചുവീട്ടിൽ മുഹമ്മദ് നാസർ എന്നയാൾ മരണപ്പെടുകയും ചെയ്തിരുന്നു. കടന്നൽ കൂടുകൾ പിന്നീട് വാവാ സുരേഷും വനപാലകരും ചേർന്ന് തീവച്ച് നശിപ്പിക്കുകയായിരുന്നു.
ആക്രമണകാരികളായ കടന്നലുകളെ നശിപ്പിക്കുന്നതിന് വേണ്ടത്ര സംവിധാനം അഗ്നി ശമന സേനക്കില്ല. നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന വിവാഹം മിക്കദിവസങ്ങളിലും നടക്കുന്ന ഓഡിറ്റോറിയങ്ങളിലും സർക്കാർ ഓഫീസ് കെട്ടിടങ്ങളിലും ജീവൻ പണയം വച്ചാണ് ആളുകൾ കടന്നൽ ഭീഷണി ഇപ്പോൾ നേരിടുന്നത്. അതിനാൽ കടന്നൽ കൂടുകൾ ഒന്നൊന്നായി നശിപ്പിക്കാൻ ശക്തമായ നടപടി അനിവാര്യമാണന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.