മാവേലിക്കര: സിവിൽ സ്റ്റേഷനിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കടന്നൽ കൂടുകൂട്ടി. സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലെ സണ്ഷെയ്ഡിലാണ് കടന്നലുകൾ കൂട് കൂട്ടിയിരിക്കുന്നത്. മുൻപ് സിവിൽസ്റ്റേഷൻ കെട്ടിടത്തിൽ ഇതേ സ്ഥാനത്ത് ഉണ്ടായിരുന്ന കടന്നൽ കൂട്ടിലെ കടന്നലുകൾ ഇളകി നടത്തിയ ആക്രണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.
ഇതിനുശേഷം വാവാ സുരേഷിനെ എത്തിച്ചാണ് കടന്നൽ കൂട് നശിപ്പിച്ചത്. വീണ്ടും അതേ സ്ഥാനത്ത് തന്നെയാണ് കടന്നൽ കൂട് കൂട്ടിയിരിക്കുന്നത്. ദിവസേന നിരവധി പേർ എത്തിചേരുന്ന ആർടിഒ ഓഫീസ്, എംപ്ലോയിമെന്റ് ഓഫീസ്, കൃഷിഭവൻ, എപിപി ഓഫീസ്, വാണിജ്യനികുതി ഓഫീസ്, സഹകരണ വകുപ്പ് അസി. രജിസ്ട്രാർ ഓഫീസ്, സാമൂഹിക ക്ഷേമ വകുപ്പ് ഓഫീസ്, ലേബർ ഓഫീസ് എന്നിങ്ങനെ 15 ഓളം ഓഫീസുകളാണ് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. ഇതിൽ എംപ്ലോയ്മെന്റ് ഓഫീസിലും ആർടിഒ ഓഫീസിലും ദിനം പ്രതി എത്തിചേരുന്നത് ആയിരക്കണക്കിന് ആളുകളാണ്.
തൊട്ടു സമീപത്ത് തന്നെയാണ് വില്ലേജ് ഓഫീസും, സിഐ ഓഫീസും പോലീസ് ക്വാർട്ടേസ്കളും സ്ഥിതിചെയ്യുന്നത്. രണ്ടു വർഷം മുന്പ് ഉണ്ടായ കടന്നൽ ആക്രമണത്തിൽ സിവിൽ സ്റ്റേഷനിലുള്ളിൽ നിന്നതും പുറത്തെ റോഡിലൂടെ സഞ്ചരിച്ചവരുമായ നിരവധി പേർക്ക കടന്നൽ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കടന്നൽ കൂട് ഉടനടി നശിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം ദിവസേന ഇവിടെ എത്തിചേരുന്ന ജീവനക്കാരും കടന്നൽ കൂട് കാരണം ഭീതിയിലാണ്.