ഗാന്ധിനഗർ: കടന്നൽ കുത്തേറ്റു രണ്ട് വളർത്തുനായ്ക്കൾ ചത്തു. കടന്നൽ കുത്തേറ്റസമീപവാസി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ. മെഡിക്കൽ കോളജിന് സമീപം പുത്തൻപുരയ്ക്കൽ മോഹൻ ദാസിന്റെ രണ്ടു വളർത്തുനായാണ് ചത്തത്.
കടന്നലിന്റെ കുത്തേറ്റ് ഗുരതര പരിക്കേറ്റ മോഹൻദാസിന്റെ അയൽവാസി, കോട്ടയം കെഎസ്ആർടിസി ജീവനക്കാരനുമായ, ഗാന്ധിനഗർ കാക്കശേരി സജി (52) യെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. സജിയുടെ സഹോദരന് പോത്ത് വളർത്തലുണ്ട്. പോത്ത് അമിതമായി ബഹളമുണ്ടാക്കുന്നത് സജിയുടെ ശ്രദ്ധയിൽപ്പെട്ടു.
എന്താണെന്ന് അറിയുവാൻ പോത്തിൻ കുഞ്ഞുങ്ങളുടെ സമീപമെത്തിയപ്പോഴാണ് കടന്നൽ കുത്തുകയാണെന്ന് മനസിലായത്. തുടർന്ന് പിന്നോട്ടു മാറാൻ ശ്രമിക്കുന്നതിനിടയിൽ സജിയെയും കടന്നൽ കുത്തി.
ബഹളം കേട്ട് ഓടിയെത്തിയ ബന്ധുക്കൾ ഉടൻ മെഡിക്കൽ കോളജിലെത്തിച്ചു. മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 69 മുള്ളുകൾ ഉണ്ടായിരുന്നു .
ഇതിനിടയിൽ മോഹൻദാസിന്റെ വളർത്തുനായ്ക്കൾക്കും കടന്നൽ കുത്തേറ്റിരുന്നു. സന്ധ്യയോടെ മൃഗസംരക്ഷണ വകുപ്പ് അധികൃതരെത്തി കുത്തിവയ്പ് നടത്തി.
രാത്രിയോടെ, നായ്ക്കളുടെ ആരോഗ്യനില മോശമായതിനെ തുടർന്നു മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്ര മധ്യേ രണ്ടു നായ്ക്കളും ചത്തു.