വടകര: യുഗപുരുഷനായ ഗാന്ധിജിയെ രാജ്യത്തിന്റെ മനസിൽ നിന്ന് ആർക്കും പടിയിറക്കാനാകില്ലെന്നു തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക പ്രവർത്തകൻ, സഹകാരി എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന അഡ്വ.പി.രാഘവൻനായരുടെ 24-ാം ചരമവാർഷികത്തിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ലോകം മഹാത്മജിയിലേക്ക് തിരിച്ചു പോകുന്പോൾ ഇവിടെ ചിലർ ഗാന്ധിജിയെ തിരസ്കരിക്കാനാണ് ശ്രമിക്കുന്നത്. ഖാദി കലണ്ടറിൽ നിന്നു ഗാന്ധിയെ പടിയിറക്കിയിരിക്കുന്നു. ഇവർ ഗോഡ്സെയുടെ ചിത്രം കൊണ്ടുവരാനും മടിക്കില്ല. എന്നാൽ രാജ്യം ഗാന്ധിജിയോട് കടപ്പെട്ടിരിക്കുന്നുവെന്നു കടന്നപ്പള്ളി പറഞ്ഞു.
വി.ഗോപാലൻ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സര വിജയികൾക്ക് പി.പി.ദാമോദരൻ ഉപഹാരം നൽകി. യു. ബാബു ഗോപിനാഥ് മുഖ്യ പ്രഭാഷണം നടത്തി. പി.സത്യചന്ദ്രൻ, പി.പി.ഹമീദ്, വി.പി.സുരേന്ദ്രൻ, പി.അച്യുതൻ, വള്ളിൽ ശ്രീജിത്ത്, പി.പി.രാജൻ, ടി.കെ.രാഘവൻ, ടി.പത്മനാഭൻ, ടി.മോഹൻദാസ്, പറന്പത്ത് ബാബു എന്നിവർ സംസാരിച്ചു.