പത്തനാപുരം : ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ കലുഷിതമായ വര്‍ത്തമാന കാലത്തെ ശുദ്ധീകരിക്കാന്‍ ഉപകരിക്കുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. പത്തനാപുരം ഗാന്ധിഭവനില്‍ നടന്നുവരുന്ന ഗുരുവന്ദന സംഗമത്തിന്റെ 1303 ാംദിന പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഗാന്ധിയന്‍ ദര്‍ശനങ്ങളാണ് രാജ്യത്തെ മോചിപ്പിക്കാന്‍ ഉപകരിച്ചത്. ആ നാമധേയത്തില്‍ സാമൂഹ്യസേവന സംവിധാനങ്ങള്‍ ഒരുക്കി പ്രബുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഗാന്ധിഭവന് സംശുദ്ധമായ പുണ്യപ്രവര്‍ത്തിയാണ് ചെയ്യുന്നത്. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സ്പര്‍ശവും, ഒരു പുതിയ ദര്‍ശനത്തിന്റെ അനുഭൂതിയും അനുഭവവും ഗാന്ധിഭവനില്‍ അനുഭവിച്ചറിയാമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു.
മാനുഷികധര്മത്തോടൊപ്പമുള്ള ഗാന്ധിഭവനില്‍ സ്നേഹത്തിന്റെ ഹൃദയ സ്പന്ദനങ്ങള്‍ക്കൊപ്പം അല്‍പ്പനേരം ചിലവഴിക്കുന്നവര്‍ക്ക് തീര്‍ഥാടനം നടത്തുമ്പോഴുള്ള അനുഭൂതിയാണ് ലഭിക്കുന്നത് എന്ന് കൂടി കടന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ് അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന് സെക്രട്ടറി ഡോ.പുനലൂര്‍ സോമരാജന്, ടി.അയ്യൂബ്ഖാന്‍ എന്നിവർ പ്രസംഗിച്ചു.