കണ്ണൂർ: ഭരണകക്ഷിയായ കോൺഗ്രസ്-എസിൽ ആഭ്യന്തര കലഹം. പാർട്ടിയെ ചിലർ കൈപ്പിടിയിൽ ഒതുക്കുകയാണെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തിയതോടെ പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പാർട്ടി പ്രസിഡന്റ് കൂടിയായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ യാത്രി നിവാസിൽ ഇന്നലെ ഉച്ചയക്ക് ഒന്നിന് പതിനഞ്ചംഗ കമ്മിറ്റിയോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ യോഗത്തിനിടെ ഒരു വിഭാഗം ശക്തമായ വിമർശനവുമായി രംഗത്തെത്തിയതോടെ നേരത്തെ നിശ്ചയിച്ച ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞ് മന്ത്രി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
കണ്ണൂർ വിമാനത്താവളത്തിൽ താത്കാലികാടിസ്ഥാനത്തിലുള്ള ജോലിയുമായി ബന്ധപ്പെട്ടുള്ള നിയമനങ്ങൾ സംബന്ധിച്ചാണ് ശക്തമായ വിമർശനം ഉയർന്നത്. നിയമനങ്ങളുടെ വീതംവയ്പ് അടിസ്ഥാനത്തിൽ 20 തസ്തികകൾ കോൺഗ്രസ്- എസിന് എൽഡിഎഫ് അനുവദിച്ചിരുന്നു. എന്നാൽ ഈ നിയമനങ്ങൾ പാർട്ടി പ്രവർത്തകരെ അറിയിക്കാതെ മറ്റു ചിലർക്ക് വിറ്റുവെന്നാണ് പ്രധാന ആരോപണം. ഇക്കാര്യം നേരത്തെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്.
പാർട്ടി പ്രസിഡന്റായ മന്ത്രിയെപോലും അറിയിക്കാതെ ഒരു ഉപജാപകസംഘം പ്രവർത്തിക്കുന്നതായും പാർട്ടി അംഗങ്ങളല്ലാത്തവർ ഉൾപ്പെടെയുള്ള ഈ ഉപജാപകസംഘമാണ് ജില്ലയിലെ പാർട്ടിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് എന്നുമാണ് ആരോപണം. അഴീക്കൽ തുറമുഖവികസനവുമായി ബന്ധപ്പെട്ട് കപ്പൽച്ചാൽ നിർമാണം ഉൾപ്പെടെയുള്ള മണലെടുപ്പിലും ക്രമക്കേട് നടത്തിയെന്നും ഇതിനെല്ലാം മന്ത്രി മറുപടി പറയണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതോടെയാണ് മന്ത്രി ഒരു പരിപാടിയുടെ പേര് പറഞ്ഞ് യോഗഹാളിൽനിന്ന് പുറത്തേക്കു പോയത്.
മന്ത്രി ഇറങ്ങിപ്പോയതോടെ യോഗം അവസാനിപ്പിക്കാൻ ആരോപണവിധേയനായ നേതാവും ചിലരും ശ്രമിച്ചെങ്കിലും മറുവിഭാഗം അനുവദിച്ചില്ല. യോഗം അവസാനിപ്പിക്കാത്ത സാഹചര്യത്തിൽ മന്ത്രി തിരിച്ചെത്തിയിട്ട് യോഗനടപടികൾ അവസാനിപ്പിച്ചാൽ മതിയെന്നായിരുന്നു ഇവരുടെ ആവശ്യം. തുടർന്ന് വൈകുന്നേരത്തോടെ മന്ത്രി തിരിച്ചെത്തി യോഗം തുടർന്നു. യോഗത്തിൽ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. വിഷയം സംബന്ധിച്ചു പഠിച്ച് ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയതിനെ തുർന്നാണ് ബഹളം ശമിച്ചത്.