കടപ്ലാമറ്റം കൊലപാതകത്തിന്റെ കാരണം അയല്‍ക്കാര്‍ തമ്മിലെ വഴിവിട്ട ബന്ധം, സിബിയും കുഞ്ഞുമോളും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് അയല്‍ക്കാര്‍, കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മഞ്ജു, ചോരക്കളമായി വീട്ടുമുറ്റം

അതിദാരുണമായ കൊലപാതക വാര്‍ത്തയറിഞ്ഞുണ്ടായ നടുക്കത്തില്‍നിന്ന് കടപ്ലാമറ്റം ഗ്രാമം ഇനിയും മോചിതമായിട്ടില്ല. കൂവള്ളൂര്‍ക്കുന്ന് കോളനിയില്‍നിന്നു കുഞ്ഞുമോളുടെ നിലവിളി കേട്ടാണ് ഇന്നലെ അയല്‍വാസികള്‍ ഓടിയെത്തിയത്. അഞ്ചില്‍ കൂടുതല്‍ വെട്ട് കഴുത്തിനേറ്റ നിലയില്‍ കുഞ്ഞുമോള്‍ പിടയുന്ന കാഴ്ചകണ്ട് അയല്‍ക്കാര്‍ ഭയന്നോടി. ഇരുപതോളം വീടുകള്‍ ഉള്‍പ്പെട്ടതാണു കോളനി.

കിടങ്ങൂര്‍ പോലീസ് എത്തി കുഞ്ഞുമോളെ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകും വഴിയാണു മരണം. കൃത്യം നടത്തിയതായി പറയുന്ന സിബി കത്തിയുമായി ഓടുന്നത് കണ്ടതായി അയല്‍വാസി പോലീസിനെ അറിയിച്ചിരുന്നു. അന്വേഷണത്തില്‍ സിബിയെ അടുത്ത റബര്‍ തോട്ടത്തില്‍ കൈത്തണ്ട മുറിച്ച് രക്തം വാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തി. മദ്യക്കുപ്പിയും ഗ്ലാസും ആസിഡ് ജാറും അടുത്തു കാണപ്പെട്ടു.

കൃത്യം നടന്ന സ്ഥലം ചോരക്കളമായിരുന്നു. കുഞ്ഞുമോളെ പലതവണ വാക്കത്തി ഉപയോഗിച്ച് വെട്ടിയതിനുശേഷം ഇതേ ആയുധംകൊണ്ടു സ്വയം മുറിവേല്‍പ്പിച്ച് സിബി പറമ്പിലേക്ക് മരണവെപ്രാളത്തില്‍ ഓടുകയായിരുന്നു. സജി തോമസ് എന്നാണ് സിബിയുടെ യഥാര്‍ഥ പേര്. ഭാര്യ മഞ്ജുവും സിബിയും ഉച്ചയ്ക്കു വിറകു ശേഖരിച്ച് ഓട്ടോ റിക്ഷയില്‍ വീട്ടില്‍ വന്നശേഷം ഇരുവരും ഭക്ഷണം കഴിക്കുകയും ചെയ്തു. ഉച്ചകഴിഞ്ഞ് 2.30ന് ഞൊടിയിടയ്ക്കുള്ളിലാണ് സിബി പ്രകോപിതനായി വാക്കത്തിയുമായി ഓടിയിറങ്ങിയത്.

സിബിയുടെ വീടിനു തൊട്ടുസമീപമാണു കുഞ്ഞുമോളുടെ വീട്. അയയില്‍ തുണി വിരിച്ചുകൊണ്ടിരുന്ന കുഞ്ഞുമോളുടെ പിന്‍കഴുത്തിലാണു തുടരെ വെട്ടിയത്. സിബിയും അയല്‍വാസി കുഞ്ഞുമോളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുഞ്ഞുമോള്‍ കടപ്ലാമറ്റം സര്‍വീസ് സഹകരണബാങ്കിലെ ജീവനക്കാരിയാണ്. കുഞ്ഞുമോളുടെ ഭര്‍ത്താവ് മാത്യു കിടപ്പുരോഗിയാണ്. കുഞ്ഞുമോളെ സിബി വെട്ടിക്കൊലപ്പെടുത്തുമ്പോള്‍ മാത്യു വീടിനുള്ളിലുണ്ടായിരുന്നു. കുഞ്ഞുമോള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഒരാള്‍ ബസ് ഡ്രൈവറാണ്. സംഭവം നടക്കുമ്പോള്‍ ഇളയമകന്‍ വീട്ടിലുണ്ടായിരുന്നില്ല. സിബിക്കും രണ്ട് മക്കള്‍: ജെയ്‌മോനും ജോമോനും. അതേസമയം മരിച്ച സിബിയും കുഞ്ഞുമോളും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നാണ് അയല്‍ക്കാര്‍ പറയുന്നത്. കൊല്ലപ്പെട്ട കുഞ്ഞുമോളുമായി സിബിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഫോണ്‍ ചെയ്യുന്നുവെന്നും പലരും പറയുമ്പോഴും ഇതേക്കുറിച്ചു വീട്ടില്‍ ചര്‍ച്ച ചെയ്യുകയോ ഒരു കുത്തുവാക്ക് പറയുക പോലും താന്‍ ചെയ്തിരുന്നില്ലെന്നും മഞ്ജുവും പറുന്നുണ്ട്.

 

ക്രൂരകൃത്യം എന്തിന് ഉത്തരം കിട്ടാത്ത ചോദ്യം

കൂവെള്ളൂര്‍ കോളനിയില്‍ എത്തിയവരെല്ലാം ഇന്നലെ സായാഹ്നം മുതല്‍ ഉയര്‍ത്തിയ ഒരു ചോദ്യമുണ്ട് ഈ ക്രൂരകൃത്യം എന്തിനായിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യമായി അതിപ്പോഴും അവശേഷിക്കുകയാണ്. ഇതേ ചോദ്യം സിബിയുടെ ഭാര്യ മഞ്ജുവിനോടു പലരും ഉന്നയിച്ചു. ചോദ്യത്തിനു മറു ചോദ്യമായിരുന്നു അവരുടെ ഉത്തരം. എനിക്കും പിള്ളേര്‍ക്കും ഇനിയാരുമില്ല, ആരെല്ലാം എന്തെല്ലാം പറഞ്ഞാലും സിബി ഞങ്ങളെ പോന്നുപോലെ നോക്കിയിരുന്നു. തിങ്കളാഴ്ച വീട്ടില്‍ കറിയില്ലാതെ വന്നതോടെ തട്ടുകടയില്‍ പോയി സിബി ഞങ്ങള്‍ക്കു കറി വാങ്ങിക്കൊണ്ടു വന്നിരുന്നു. കടപ്ലാമറ്റത്തെ പാറമടയില്‍ ജോലിയില്ലാതായതോടെ പഴയ ഓട്ടോറിക്ഷ വാങ്ങി ടൗണില്‍ ഓടിച്ചു സിബി കുടുംബ പുലര്‍ത്തുകയായിരുന്നുവെന്നു മഞ്ജു പറയുന്നു. എന്നാല്‍ സിബിക്കു ലൈസന്‍സില്ലാതിരുന്നതിനാല്‍ സ്റ്റാന്‍ഡില്‍ ഓട്ടം നടത്താന്‍ ചിലര്‍ അനുവദിച്ചില്ല.

ഇതിനിടയില്‍ ലൈസന്‍സില്ലാത്തതിന്റെ പേരില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയായി ഇതോടെ ഓട്ടോറിക്ഷയുമായി പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സിബി. ഇതു സിബിയെ മാനസികമായി തകര്‍ത്തിരുന്നതായി മഞ്ജു പറഞ്ഞു. സ്വര്‍ണം വിറ്റും കടം വാങ്ങിയും സ്വന്തമാക്കിയ ഓട്ടോറിക്ഷ ഓട്ടം നടത്താന്‍ സാധിക്കാതെ വന്നതോടെ ജീവിതംതന്നെ വലിയ ചോദ്യചിഹ്നമായെന്നു സിബി പറഞ്ഞിരുന്നതായി മഞ്ജു പറയുന്നു. ഓട്ടം പോകാനാകാതെ വന്നതോടെ ഭക്ഷണം കഴിക്കാന്‍ പോലും കൂട്ടാക്കാതിരുന്ന സിബി തിങ്കളാഴ്ച ഒന്നും കഴിച്ചില്ലെന്നും മഞ്ജു പറയുന്നു.

ഇന്നലെ വലിയമരുതു ഭാഗത്ത് ഇരുവരും ഒരുമിച്ചെത്തി ഓട്ടോറിക്ഷയില്‍ വിറകുമായി വീട്ടിലേക്കു പോന്നിരുന്നു. ക്രൂരകൃത്യമറിഞ്ഞു മുഞ്ഞനാട്ടു വീട്ടില്‍ എത്തിയവരെ മുറ്റത്തടുക്കി വച്ചിരുന്ന വിറകിന്‍കൂട്ടം കാണിച്ചു സിബിക്കു കുടുംബത്തോടുണ്ടായിരുന്ന അടുപ്പം മഞ്ജു സാക്ഷ്യപ്പെടുത്തുന്നു.

Related posts