ഫ്രാൻസിസ് തയ്യൂർ
മംഗലംഡാം: വിദ്യാർഥിനി മരിച്ച കടപ്പാറയിലെ ഉരുൾപൊട്ടലിന് നാളെ പതിനൊന്ന് വർഷം. അതിവർഷമുണ്ടായ 2007 ജൂലൈ 17ന് പുലർച്ചെയാണ് മലയോര കുടിയേറ്റ പ്രദ്ദേശമായ കടപ്പാറ സെന്ററിൽ ശക്തമായ ഉരുൾപൊട്ടലുണ്ടായി 14 വയസുകാരി കോഴിക്കുന്നേൽ ആന്റണിയുടെ മകൾ അനു ആന്റണി മരിച്ചത്. മകളുടെ ഓർമ്മക്കു മുന്നിൽ നാളെ കടപ്പാറ സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ.ജോബി തരണിയിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടത്തുമെന്ന് പിതാവ് ആന്റണി പറഞ്ഞു.
ഓരോവർഷവും ജൂലൈ 17 കടന്നു വരുന്പോൾ അന്നത്തെ ശക്തമായ ഉരുൾപൊട്ടലും കടപ്പാറ സെന്റർ ചെളിയും മണ്ണും നിറഞ്ഞു് ദുരന്തങ്ങൾക്കെല്ലാം സാക്ഷിയായതും മലയോരവാസികളുടെ ഓർമ്മകളിൽ ഓടിയെത്തും. ആന്റണിയുടെ വീടിനു പുറകിൽ മുകളിലുള്ള മലയിലായിരുന്നു ഉരുൾപൊട്ടലുണ്ടായത്.ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ആന്റണി, അപകടാവസ്ഥ കണ്ട് ഉറങ്ങി കിടന്നിരുന്ന മകളെ വിളിച്ചുണർത്തി പുറത്തേക്ക് ഓടി.
ഇരുട്ടും പുക നിറഞ്ഞ അന്തരീക്ഷവുമായിരുന്നു പുറത്ത്. ഒന്നും കാണാനാകാത്ത സ്ഥിതി. വീടിനു ചുറ്റും കഴുത്തോളം മുങ്ങുന്ന ചെളി.ഇതിലൂടെ മകളുടെ കൈ പിടിച്ച് നീങ്ങുന്നതിനിടെ ആന്റണിയുടെ കാലുകൾ വലിയ പാറകൾക്കിടയിൽ കുടുങ്ങി. കാലുകൾ വലിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ പിടിവിട്ട് മകൾ മലവെള്ളപാച്ചിലിൽ ഒഴുകി പോയി.
പപ്പാ എന്ന് വിളിച്ച് മകൾ വെള്ളത്തിലൂടെ ഒഴുകി നീങ്ങിയ കാഴ്ച ഇന്നും ആന്റണിക്ക് ഹൃദയം പിളർക്കുന്ന രംഗങ്ങളാണ്. നേരം വെളുത്ത് ആളുകൾ ഓടി കൂടുന്പോഴെക്കും അനു നിത്യതയിലേക്ക് യാത്രയായിരുന്നു.
അന്ന് വീട് നഷ്ടപ്പെട്ടവർക്ക് കടപ്പാറ പള്ളി നിർമിച്ചു നൽകിയ വീടുകളിലൊന്നിലാണ് ഇപ്പോൾ ആന്റണിയും കുടുംബവും. തോരാത്ത മഴയും കാറ്റും ഇന്നും കടപ്പാറയ്ക്കാർക്ക് ഭീതിപ്പെടുത്തുന്നതാണ്.
പ്രകൃതിയിലെ മാറ്റങ്ങളെല്ലാം ഈ മലയോരവാസികളിൽ ആധിയേറും. ഏതാനും വർഷം മുന്പ് കടപ്പാറക്കടുത്ത് കവിളുപ്പാറ തോട്ടിലെ മലവെള്ളപാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചിരുന്നു. പേമാരി തുടരുന്നത് 2007 ആവർത്തിക്കുമോ എന്ന ആശങ്കയും ഇവിടുത്തെ കർഷകർക്കുണ്ട്.