മംഗലംഡാം: വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്ത ആദിവാസി കുടുംബങ്ങളെയെല്ലാം വനഭൂമിയിൽനിന്നും ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം തങ്ങളെ ഏതുവിധത്തിൽ ബാധിക്കുമെന്നറിയാതെ ആശങ്കയിലാണ് ഭൂമിക്കായി മൂന്നുവർഷമായി കടപ്പാറ മൂർത്തിക്കുന്നിൽ ഭൂസമരം നടത്തിവരുന്ന ആദിവാസി കുടുംബങ്ങൾ.
തലമുറകളായി വനത്തിനുള്ളിൽ താമസിക്കുന്ന ആദിവാസി സമൂഹങ്ങൾക്കും മറ്റു പരന്പരാഗത വനവാസികൾക്കും വനഭൂമിയിലും വനവിഭവങ്ങളിൽമേലുള്ള അവരുടെ രേഖപ്പെടുത്തിയിട്ടില്ലാത്ത അവകാശങ്ങൾ രേഖപ്പെടുത്തുകയെന്നതാണ് വനാവകാശ നിയമത്തിൽ പറയുന്നത്.
ഈ നിയമപ്രകാരം 2005 ഡിസംബർ 13 വരെ തലമുറകളായി വനത്തിനകത്ത് ജീവിച്ചുപോരുന്ന ആദിവാസി കുടുംബങ്ങളാണ് മുഖ്യമായും ഇതിൽ ഉൾപ്പെടുന്നത്. 75 കൊല്ലമോ അതല്ലെങ്കിൽ മൂന്നു തലമുറകൾ തുടർച്ചയായോ വനാശ്രയരായി വനത്തിനകത്ത് താമസിച്ചുപോരുന്നവർക്കും നിയമപരിരക്ഷയുണ്ട്.
2016 ജനുവരി 15നാണ് ഭൂമിക്കായി മൂർത്തിക്കുന്നിൽ 22 ആദിവാസി കുടുംബങ്ങൾ സമീപത്തെ വനഭൂമി കൈയേറി കുടിലുകൾ കെട്ടി ഭൂസമരം ആരംഭിച്ചത്. ഈ സമരം ഇപ്പോഴും തുടരുകയാണ്. കൈയേറിയ 14.67 ഏക്കർ ഭൂമി തന്നെ ഇവർക്ക് നല്കാൻ തിരുമാനിച്ചിരുന്നെങ്കിലും പിന്നീടത് അനിശ്ചിതത്വത്തിലാകുകയായിരുന്നു.
പുതിയ സുപ്രീംകോടതി നിർദേശം എങ്ങനെയാകുമെന്ന ഉത്കണ്ഠ ഇവർക്കുണ്ട്. നിയമപ്രകാരമുള്ള പരിരക്ഷയ്ക്കായി അപേക്ഷ നല്കിയവരുടെ കൂട്ടത്തിൽ ഇവരും ഉൾപ്പെടുന്നുണ്ടോ എന്നറിയാൻ കാത്തിരിക്കേണ്ടിവരും. വനംവകുപ്പും ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നല്കുന്നില്ല.