നാദാപുരം: പുതുവര്‍ഷത്തില്‍ പുറമേരി കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമിക്ക് ഇരട്ട നേട്ടം.ഐ ലീഗ് ജൂനിയര്‍ ഫുട്ബോള്‍ അക്കാദമി ടീമായ ബഗ്ലുരു ബൈച്ചുങ് ബൂട്ടിയ ഫുട്ബോള്‍ അക്കാദമി ടീമിലേക്കും കേരള സ്റ്റേറ്റ് ടീമിലേക്കും കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമിയിലെ താരങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു.
നാദാപുരം സ്വദേശിയായ മുഹമ്മദ് സലാഹുദ്ദീന് അയ്യൂബി ഷാജഹാന്,പുറമേരി സ്വദേശി ശ്രീഹരി സുനില്‍ എന്നിവരെ ബൈച്ചുങ് ബൂട്ടിയ ക്ലബ്ബിലേക്കും എടച്ചേരി തുരുത്തി സ്വദേശിനി ടി.മേഘ,പുറമേരി വെള്ളൂരിലെ വിസമയരാജ് എന്നിവര്‍ കേരള ടീമിലേക്കുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
പേരോട് ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മുഹമ്മദ് സലാഹുദീന്‍ അയ്യൂബി ഷാജഹാന് ആറ് വര്‍ഷമായി കടത്തനാട് രാജ ഫുട്ബോള്‍ അക്കാദമി താരമാണ്. പുനെ എഫ്സി താരമായ ഗനി അഹമ്മദ് നിഗമിന്റെ സഹോദരനാണ് ഷാജഹാന്. കല്ലാച്ചി ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ശ്രീഹരി സുനിലും ആറ് വര്‍ഷമായി അക്കാദമിയില്‍ പരിശീലനം നടത്തി വരികയാണ്.
ആന്ധ്രപ്രദേശില്‍ നടക്കുന്ന സ്കൂള്‍ നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ ഷിപ്പിനുള്ള കേരള ടീമിലേക്കാണ് മേഘയേയും വിസ്മയയേയും തിരഞ്ഞെടുത്തത്. മേഘ നേരത്തെ തന്നെ രണ്ട് തവണ കേരള സ്റ്റേറ്റ് ടീമിന് വേണ്ടിയും കേരള സ്കൂള്‍ ടീമിന് വേണ്ടിയും മത്സരങ്ങള്ക്കിറങ്ങിയിട്ടുണ്ട്. 2017 -18 വര്‍ഷത്തില്‍ കേരളത്തിലെ മികച്ച സബ് ജൂനിയര്‍ താരവും,ഗോള്‍ഡ് മെഡല്‍ ജേതാവുമായ വിസ്മയ അഞ്ച് വര്‍ഷക്കാലം കേരളത്തിനായി ബൂട്ടണിഞ്ഞിട്ടുണ്ട്.
നിരവധി ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തിയ പരിശീലകരായ എം.കെ. പ്രദീപ് തണ്ണീര്‍പ്പന്തല്‍, റിട്ട:എസ് ഐ സി.സുരേന്ദ്രന് തലശേരി എന്നിവരുടെ മികവിലാണ് ഇവര്‍ നാലുപേരും പുതുവര്‍ഷത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ വേണ്ടി ബൂട്ടണിയുന്നത്.