വടകര: അമേരിക്കയിൽ നിന്നുള്ള ജോർജ് ബുയാംഗ് പോംഗ്, ശ്രീലങ്കയിലെ നിരുദ്ധ് നാഗലിംഗം എന്നിവർ വടകര പുതുപ്പണം കടത്തനാട് കെപിസിജിഎം കളരി സംഘത്തിൽ കളരിമുറകൾ അറിയാൻ എത്തിയിരിക്കുകയാണ്. മാസങ്ങളോളം നീളുന്ന കളരിപ്പയറ്റ് പരിശീലനത്തിൽ വ്യാപൃതരായ ഇവർ ഈ ആയോധനകല എളുപ്പം ഹൃദിസ്ഥമാക്കുകയാണ്
. ’’കടത്തനാടൻകളരിപ്പയറ്റ്-അടിസ്ഥാന തത്വങ്ങൾ’’ എന്ന ഗ്രന്ഥം രചിച്ച പ്രഗത്ഭ ഗുരുക്കളായിരുന്ന കടത്തനാട് ചന്ദ്രന്റെ മകൻ മധുപുതുപ്പണത്തിന്റെ ശിക്ഷണത്തിലാണ് ഇവരുടെ പരിശീലനം. മുപ്പത്തിമൂന്നുകാരനായ ജോർജ് നേരത്തെ തൈക്കാണ്ഡോ എന്ന ആയോധന മുറ അഭ്യസിച്ചതിനാൽ കളരിപ്പയറ്റിൽ ഏറെ ആകൃഷ്ടനാണ്.
രാവിലെയും വൈകുന്നേരവുമുള്ള ചിട്ടയായ പരിശീലനത്തിന്റെ ഫലമായി ജോർജും നിരുദ്ധ് നാഗലിംഗവും കളരിപ്പയറ്റിലെ കോൽത്താരിയുടെയും അങ്കത്താരിയുടെയും പ്രധാനഭാഗങ്ങൾ വശത്താക്കി കഴിഞ്ഞു.ശ്രീലങ്കയിലെ നിരുദ്ധ് നാഗലിംഗത്തിനും നാട്ടിൽ പരിശീലനം തുടങ്ങണമെന്നാണ് ആഗ്രഹം.
ഇവർക്കു പുറമെ ഹൈദരാബാദിൽ നിന്നുള്ള മാധ്യമപ്രവർത്തക സുസ്മിത, ആന്ധ്രപ്രദേശിലെ അനന്തപൂരിൽ നിന്നുള്ള അത്ലറ്റ് കൃതി എന്നീ യുവതികൾ കളരിപ്പയറ്റിൽ പരിശീലനം പൂർത്തിയാക്കി കഴിഞ്ഞ ദിവസം മടങ്ങി. കെപിസിജിഎം കളരി സംഘത്തിന് കേരളത്തിലും പുറത്തും ശാഖകളുണ്ട്.