വലിയപറമ്പ്: നാട്ടുകാർക്ക് കായൽ കടക്കാൻ കടത്തു തോണി മാത്രം ആശ്രയമുള്ള മാടക്കാൽ-തൃക്കരിപ്പൂർ കടപ്പുറം കടവിൽ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ജെട്ടിയും ഉപയോഗ യോഗ്യമല്ലാതായി. വലിയപറമ്പ് പഞ്ചായത്തിലെ തൃക്കരിപ്പൂർ കടപ്പുറം, വടക്കേവളപ്പ്, കന്നുവീട് കടപ്പുറം തുടങ്ങിയ പ്രദേശങ്ങളിലെയും മറുകരയിലെ മാടക്കാലിലെയും നൂറുകണക്കിന് കുടുംബങ്ങൾക്ക് കായൽ കടക്കുന്നതിന് ഈ കടവ് മാത്രമേയുള്ളൂ.
നടപ്പാലമെങ്കിലും നിർമിക്കാനോ പൊട്ടിപൊളിഞ്ഞ തോണി മാറ്റി നൽകാനോ അധികൃതർ തയാറാവാത്തത് പ്രദേശത്തുകാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയരുന്നതിനിടയിലാണ് ഒന്നര വർഷം മുമ്പ് നിർമാണമാരംഭിച്ച ജെട്ടിയുടെ നിർമാണം വിവാദത്തിലായിട്ടുള്ളത്. വലിയപറമ്പ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി മൂന്നര ലക്ഷം രൂപ ചെലവിൽ ജെട്ടി നിർമിക്കാൻ കരാർ നൽകിയിയെങ്കിലും പൂർത്തിയായ ജെട്ടി ഉപയോഗിക്കാനാവില്ലെന്നാണ് നാട്ടുകാരും കടത്തുകാരും ഒരുപോലെ പറയുന്നത്.
ജെട്ടിയുടെ നിർമാണം കഴിഞ്ഞപ്പോൾ ഒരാൾ പൊക്കത്തിലാണ് ഉള്ളത്. കടത്തു തോണി മാത്രമല്ല ഉയരക്കൂടുതലുള്ള ബോട്ടു പോലും അടുപ്പിച്ചാൽ കയറാനോ ഇറങ്ങാനോ കഴിയാത്ത അവസ്ഥയിലാണുള്ളത്. പല കാരണങ്ങൾ പറഞ്ഞ് കരാർ ഏറ്റെടുത്തവർ ജെട്ടി നിർമാണ പ്രവർത്തി നീട്ടി കൊണ്ടുപോകുകയും ചെയ്തിരുന്നതായി നാട്ടുകാർ പറയുന്നു. മഴക്കാലമാകുന്നതോടെ ഇരുകരകളിലേക്കും കടത്തിനായി എത്തുന്ന സ്കൂൾ വിദ്യാർഥികളും വയോധികരും സ്ത്രീകളും ഭീതിയോടെയാണ് പൊട്ടിത്തകർന്ന പഴയ ജെട്ടിയിലൂടെ കടന്നു പോകുന്നത്.
വലിയപറമ്പ് ഗ്രാമ പഞ്ചായത്തിലെ എൽഎസ്ജിഡി ഉദ്യോഗസ്ഥരോട് നാട്ടുകാർ പരാതി പറഞ്ഞിട്ടും ജെട്ടിയുടെ അപാകത പരിഹരിക്കാൻ ഇടപെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 2014 ലാണ് കവ്വായി കായലിലെ മാടക്കാൽ -തൃക്കരിപ്പൂർ വടക്കേവളപ്പ് കടവിന് കുറുകെ നിർമിച്ച തൂക്ക് പാലം തകർന്നുവീണത്.
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം കൊണ്ടാണ് നിർമാണത്തിലെ അശാസ്ത്രീയത മൂലം മാടക്കാൽ തൂക്ക് പാലം തകർന്ന് കായലിൽ പതിച്ചത്. അന്ന് മുതൽ ഇവിടുത്തുകാര്ക്ക് വീണ്ടും കടത്തുതോണി മാത്രമാണ് ആശ്രയം. തകർന്നു ഏതു നിമിഷവും കായലിൽ മുങ്ങാവുന്ന തരത്തിലുള്ള കടത്തു തോണിയും, അതിലേക്ക് കയറാൻ ലക്ഷങ്ങൾ ചെലവിട്ടു നിർമിച്ച ഉപയോഗ ശൂന്യമായ ജെട്ടിയും, ജനങ്ങളുടെ നികുതിപ്പണം ഏത് വിധേനയും ചെലവാക്കുക എന്നത് മാത്രമാണോ അധികാരികളുടെ ധർമമെന്ന് നാട്ടുകാർ ചോദിച്ചു തുടങ്ങിയിട്ടുണ്ട്.