ജീവന്‍ പണയം വച്ച്..! ഒന്നാം പാഠത്തിനു മുമ്പേ നായ്കുന്നിലെ കുരുന്നുകള്‍ക്ക് വള്ളംവലിക്കാന്‍ പഠിക്കണം

ktm-vallam-lഅടിമാലി: കല്ലാര്‍കൂട്ടിയില്‍നിന്നും നായ്കുന്നിലേക്ക് ഡാമിലൂടെ ഫൈബര്‍ വള്ളത്തിലുള്ള യാത്രകണ്ടാല്‍ ഭയംതോന്നും. കുട്ടികള്‍ കൂട്ടമായി കയര്‍വലിച്ച് ഡാമിലൂടെ ഫൈബര്‍ വള്ളം കൊണ്ടുപോകുന്നത് ഭീതിപരത്തുന്ന കാഴ്ചയാണ്.

നായ്കുന്ന്, മാങ്കടവ് നിവാസികള്‍ എളുപ്പത്തില്‍ അക്കരകടക്കാന്‍ ജീവന്‍ പണയംവച്ചുള്ള ഈ യാത്ര തുടങ്ങിയിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു.വെള്ളത്തുവല്‍ പഞ്ചായത്തിലെ 14, 12 വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് കല്ലാര്‍കൂട്ടി ഡാമാണ്.

ഈ ഡാമിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ എതിര്‍കരയിലേക്ക് എളുപ്പത്തില്‍ പോകുന്നത് വള്ളത്തില്‍ കയറിയാണ്. ഇതിനായി വര്‍ഷങ്ങളായി ഉപയോഗിക്കുന്നത് പഞ്ചായത്ത് നല്‍കിയിരിക്കുന്ന ഫൈബര്‍ വള്ളമാണ്. ഇരുകരകളേയും തമ്മില്‍ കയര്‍കൊണ്ട് ബന്ധിപ്പിച്ച് വള്ളത്തിലിരുന്ന് കയര്‍ വലിച്ചാണ് പ്രദേശവാസികള്‍ ഇരുകരകളിലേക്കും പോകുന്നത്. ഇവിടെ വള്ളക്കാരനോ സഹായിയോ ഇല്ല.

നായ്കുന്നില്‍നിന്നുള്ള കുരുന്നുകള്‍ പോലും സ്കൂളുകളില്‍ പോകുന്നത് സ്വയം വള്ളം വലിച്ചണ്. ഒന്നാംക്ലാസില്‍ പഠിക്കുന്നതിനു മുന്‍പുതന്നെ വള്ളം വലിക്കുവാന്‍ പഠിക്കേണ്ട ഗതികേടാണ് നായ്കൂന്ന് പ്രദേശത്തെ കുട്ടികള്‍ക്ക്.വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇവിടെ പാലം നിര്‍മിക്കുന്നതിന് എസ്റ്റിമേറ്റുവരെ തയാറാക്കിയതാണ്.

പക്ഷേ പാലം ഉണ്ടായില്ല. കല്ലാര്‍കൂട്ടി പള്ളി പടിയില്‍നിന്നും നായ്കുന്നിന് കരമാര്‍ഗം പോകണമെങ്കില്‍ മൂന്നുകിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കണം. കുറുക്കുവഴിയാത്രയുടെ ഭയം ഉള്ളിലൊതുക്കിയാണ് കുട്ടികള്‍ അടക്കമുള്ളവരുടെ ഈ സാഹസികയാത്ര. ഡാമിനുകുറുകെ തൂക്കുപാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പഞ്ചായത്ത് നല്‍കിയ ഫൈബര്‍ വള്ളം കാലഹരണപ്പെട്ടതുമാണ്.

Related posts