മട്ടന്നൂർ: മട്ടന്നൂർ നഗരസഭയിലെ പൊറോറക്കടവിലെ തോണി വെള്ളപ്പൊക്കത്തിൽ തകർന്നതോടെ യാത്ര ദുഷ്കരമായി. കടവ് കടക്കാൻ ദിനംപ്രതി നിരവധി പേർ ഉപയോഗിച്ചിരുന്ന തോണിയാണ് തകർന്നത്. മട്ടന്നൂർ നഗരസഭയിലെ പൊറോറ മേഖലയിലെ നൂറ് കണക്കിനാളുകൾ അക്കരെയെത്താൻ വർഷങ്ങളായി ആശ്രയിക്കുന്ന തോണിയാണ് പ്രളയത്തിൽ തകർന്നത്.
യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത ശേഷം പുഴക്കരയിൽ സൂക്ഷിച്ചിരുന്ന തോണി ഒരാഴ്ച മുമ്പ് പെയ്ത മഴയിൽ വെള്ളം കയറി നശിക്കുകയായിരുന്നു. ഇതോടെയാണ് പ്രദേശത്തുളളർ ഒറ്റപ്പെട്ടത്. പുഴ കടന്ന് പടിയൂർ, ഇരിക്കൂർ, ശ്രീകണ്ഠപുരം ഭാഗങ്ങളിലെത്താൻ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തോണി സർവീസിനെയാണ് ആശ്രയിച്ചിരുന്നത്.
തോണിയിൽ പുഴ കടന്നാൽ വേഗത്തിലെത്താൻ കഴിയുമായിരുന്നു. തോണിയില്ലാതായതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കിലോമീറ്ററോളം കൂടുതൽ സഞ്ചരിച്ച് മട്ടന്നൂർ വഴിയാണ് സ്കൂളിലേക്കും മറ്റും പോകുന്നത്. വിദ്യാർഥികളാണ് ഇതോടെ കടുത്ത ദുരിതത്തിലായത്. യാത്രക്കാരെ അക്കരെയെത്തിക്കുന്നതിനും തിരിച്ചു കൊണ്ടുവരുന്നതിനും പകരം സംവിധാനം ഒരുക്കണമെന്ന് നഗരസഭ കൗൺസിലർ സി.വി.ശശീന്ദ്രൻ പറഞ്ഞു.
മട്ടന്നൂർ നിയോജക മണ്ഡലത്തിൽപ്പെടുന്ന മണ്ണൂർ കടവിന് പാലം നിർമിക്കണമന്നാശ്യം ശക്തമായിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. മട്ടന്നൂർ നഗരസഭയെയും പടിയൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പുഴയ്ക്ക് കുറുകെ പാലം നിർമിച്ചാൽ പൊറോ റ നിവാസികളുടെ വർഷങ്ങളായുള്ള യാത്രാപ്രശ്നത്തിന് പരിഹാരമാകും. കഴിഞ്ഞ മഴയിൽ വെള്ളം കയറി പൊറോറ, മണ്ണൂർ മേഖലയിൽ വ്യാപകമായ നാശനഷ്ടമാണുണ്ടായത്.