കൊച്ചി: കടവന്ത്രയില്‍ ഭാര്യയെയും രണ്ടു മക്കളെയും കൊലപ്പെടുത്തിയ കേസില്‍ ഗൃഹനാഥന്റെ അറസ്റ്റ് വൈകും. ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗൃഹനാഥന് നാരായണന് അപകടനില തരണം ചെയ്തെങ്കിലും ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായശേഷമാകും അറസ്റ്റ് നടപടികളിലേക്ക് കടക്കുകയെന്ന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എം.എസ്. ഫൈസല്‍ പറഞ്ഞു.
സംഭവശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച നാരായണനെതിരേ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ ശനിയാഴ്ചയാണ് നാരായണന്, ഭാര്യ ജോയമോള്‍ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് (5)എന്നിവരെ ഉറക്കഗുളിക നല്കി കിടത്തിയ ശേഷം ഷൂലെയ്സ് ഉപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തിയത്.
ഇവരുടെ സംസ്കാരം കഴിഞ്ഞ ദിവസം നടന്നു. സംഭവത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച നാരായണനെ കൈകളിലും കഴുത്തിലും മുറിവേറ്റ നിലയിലുമാണ് കണ്ടെത്തിയത്. വിളിച്ചിട്ട് കിട്ടാതിരുന്നതിനെത്തുടര്‍ന്ന് ജോയാമോളുടെ സഹോദരന് വീട്ടിലെത്തിയപ്പോഴാണ് മരണവിവരം അറിയുന്നത്.
സംഭവം കണ്ട ജോയമോളുടെ സഹോദരന് നാട്ടുകാരെ വിളിച്ചുകൂട്ടിയ ശേഷം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.കഴുത്തിലെ മുറിവില്‍നിന്നു രക്തംവാര്‍ന്ന നിലയിലായിരുന്നു നാരായണന്. ഇയാള്‍ക്ക് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും ഇവിടെനിന്ന് തുടര്‍ചികിത്സയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
അതിനിടെ നേരത്തെയും കുടുംബത്തോടെ ജീവനൊടുക്കാന്‍ തയാറെടുത്തിരുന്നതായി നാരായണന് പോലീസിനു മൊഴിനല്‍കി. പല കാരണങ്ങളാല്‍ ഇത് നടക്കാതെ പോവുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നായിരുന്നു ഇത്. ഭാര്യയുടെ സമ്മതപ്രകാരമാണ് കൂട്ട ആത്മഹത്യയ്ക്കു തയാറെടുത്തതെന്നാണ് ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.
രണ്ടു വര്‍ഷമായി നാരയണനും കുടംബവും കൊച്ചു കടവന്ത്ര മട്ടലില്‍ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. നാരായണന് തമിഴ്നാട് സ്വദേശിയും ജോയമോള്‍ ആലപ്പുഴ പെരുമ്പളം സ്വദേശിനിയുമാണ്.