വടക്കഞ്ചേരി: കണ്ടക്ടറില്ലാതെ സർവീസ് നടത്തുന്ന കാടൻകാവിൽ ബസിനു വീണ്ടും മോട്ടോർ വാഹന വകുപ്പ് അള്ളു വച്ചു.
ബസിനെതിരെ പരാതിയുണ്ടെന്നുപറഞ്ഞ് പെർമിറ്റ് പുതുക്കി നല്കാതെയാണ് മോട്ടോർ വാഹന വകുപ്പ് തന്നെ പാരപണി നടത്തുന്നത്.
താത്കാലിക പെർമിറ്റിലാണ് ബസ് ഓടിയിരുന്നത്. ഉടമ തോമസ് കാടൻകാവിൽ പെർമിറ്റ് പുതുക്കാൻ ആർടിഒ ഓഫീസിലെത്തിയപ്പോഴാണ് പെർമിറ്റ് പുതുക്കിനല്കാനാകില്ലെന്നുപറഞ്ഞ് മടക്കിയത്.
ആരാണ് പരാതിക്കാരെന്നോ എന്തിനാണ് പരാതി എന്നോ ഉള്ള ചോദ്യത്തിനൊന്നും മോട്ടോർ വാഹന വകുപ്പിനു മറുപടിയില്ല.
ഇതേത്തുടർന്ന് ഇന്നലെ വൈകീട്ടോടെ ബസ് ഓട്ടം നിർത്തി ഷെഡിൽ കയറ്റിയിട്ടു.
പുതിയ ആശയവുമായി രംഗത്തു വന്ന സംരംഭകന് അങ്ങനെ എട്ടിന്റെ പണി കൊടുത്ത് ഏറ്റവും കൂടുതൽ അഴിമതി ആരോപണം നേരിടുന്ന മോട്ടോർ വാഹന വകുപ്പ് തന്നെ ശ്വാസം മുട്ടിക്കുകയാണ്.
നേരത്തെ ഈ ബസിനു തന്നെ റൂട്ട് പെർമിറ്റുള്ളതാണ്. എന്നാൽ സിഎൻജി ബസിറക്കി അതു കണ്ടക്ടറില്ലാതെ ഓടിക്കുന്നു എന്നതാണ് ഉടമ ചെയ്ത കുറ്റം.
യാത്രക്കാരിൽനിന്നും നിർബന്ധമായി ചാർജ് വാങ്ങുന്നുമില്ല. താത്പര്യമുള്ളവർക്ക് ബസിൽ സ്ഥാപിച്ചിട്ടുള്ള ബോക്സിൽ ചാർജ് നിക്ഷേപിക്കാം.
പണമൊന്നും ബോക്സിൽ ഇട്ടില്ലെങ്കിലും ആരും കഴുത്തിൽ പിടിക്കില്ല. യാത്രക്കാരും പുതിയ സംവിധാനത്തെ ഏറെ ഇഷ്ടപ്പെട്ടു.
കോവിഡിനെതുടർന്ന് ബസ് വ്യവസായം വലിയ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തിയപ്പോഴാണ് ചെലവു കുറച്ച് ബസ് ഓടിക്കാനുള്ള വഴിതേടിയത്.
കണ്ടക്ടറില്ലാതെ സർവീസ് നടത്താൻ പാടില്ലെന്ന് പറഞ്ഞ് നിർത്തിവച്ച ബസ്, മൂന്നുദിവസം കഴിഞ്ഞപ്പോൾ മോട്ടോർ വാഹന വകുപ്പിനു വിവേകമുണ്ടായി കണ്ടക്ടർ ഇല്ലാതെ തന്നെ ഓടാൻ അനുമതി നല്കിയതായിരുന്നു.
ഇതേത്തുടർന്ന് കണ്ടക്ടറെ ഒഴിവാക്കി ബസിൽനിന്നും അഴിച്ചുവച്ച ബോക്സുകൾ വീണ്ടും തത്സ്ഥാനങ്ങളിൽ സ്ഥാപിച്ച് ബസ് ഓടാൻ തുടങ്ങിയപ്പോഴാണ് മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ ഉണ്ടായിട്ടുള്ളത്.