വടക്കഞ്ചേരി : യാത്രക്കാർ തിങ്ങി നിറഞ്ഞ് കണ്ടക്ടർ ഇല്ലാത്ത കാടൻകാവിൽ ബസിന്റെ കന്നിയോട്ടം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് ബസ് സർവീസ് ആരംഭിച്ചത്.
വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ പി.പി. സുമോദ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്ത് സർവീസ് ഉദ്ഘാടനം ചെയ്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ബോബൻ ജോർജ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ഗംഗാധരൻ, ഉടമ തോമസ് മാത്യു, ജോളി തോമസ്, മകൻ ലിജു തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
കണ്ടക്ടർ ഇല്ലാത്ത ബസ് എന്ന നിലയിൽ രാജ്യത്തെ ആദ്യ പരീക്ഷണമായതിനാൽ ചാനലുകൾ ഉൾപ്പെടെ വലിയ മാധ്യമ പടയുടെ അകന്പടിയോടെയായിരുന്നു സർവീസിനു തുടക്കം കുറിച്ചത്.
യാത്രക്കാരുടെ വലിയ സഹകരണമാണ് ലഭിക്കുന്നതെന്ന് ഉടമ കാടൻകാവിൽ തോമസ് മാത്യു പറഞ്ഞു.
വടക്കഞ്ചേരിയിൽ നിന്നും പുറപ്പെടുന്ന ബസ് തേനിടുക്ക്, നെല്ലിയാംന്പാടം, പുളിങ്കൂട്ടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കാണ് സർവീസ് നടത്തുന്നത്.
രാവിലെ 6.45ന് വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ നിന്നും സർവീസ് ആരംഭിക്കും. രാത്രി 7.45ന് സർവീസ് വടക്കഞ്ചേരിയിൽ അവസാനിക്കും.
ദിവസേന ഏഴ് ട്രിപ്പ് ഉണ്ട്. ബസിന്റെ സഞ്ചാരം മുഴുവൻ ഗ്രാമങ്ങളിലൂടെയായതിനാൽ ഗ്രാമഭംഗി ആസ്വദിക്കാനും ബസിൽ കുടുംബമായി കയറുന്നവരുമുണ്ട്.
വലിയ വാഹന തിരക്കില്ലാത്ത റോഡുകളിലൂടെയാണ് ബസിന്റെ യാത്രകളെല്ലാം. നേരത്തെ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി വികാരി ഫാ.ജെയ്സണ് കൊള്ളന്നൂർ വെഞ്ചരിപ്പ് ശുശ്രൂഷ നടത്തിയിരുന്നു.
കണ്ടക്ടറില്ലാതെ രണ്ട് ഡോറുകൾക്കു സമീപം ബോക്സുകളാണുള്ളത്. യാത്രക്കാർ യാത്ര ചെയുന്ന ദൂരത്തിനുള്ള ചാർജ് ബോക്സിൽ നിക്ഷേപിക്കണം.