പോത്താനിക്കാട്: കടവൂർ ഗവ. ഹോമിയോ ആശുപത്രിക്കു സംരക്ഷണ ഭിത്തിയും മേൽക്കൂരയും നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കടവൂർ ടൗണിനു സമീപം സ്വന്തം സ്ഥലത്ത് നിർമിച്ച മന്ദിരത്തിൽ 10 വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന ഡിസ്പെൻസറിയാണിത്. കെട്ടിടത്തിന്റെ പിൻഭാഗം 20 മീറ്ററോളം താഴ്ന്നു കിടക്കുകയാണ്.
ഇവിടെ പാർശ്വഭിത്തി നിർമിക്കാത്തതുമൂലം മണ്ണിടിഞ്ഞ് ദുർബലമായിക്കൊണ്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ചോർച്ച പരിഹരിക്കുന്നതിന് ഒരു വർഷം മുന്പ് ടിൻ ഷീറ്റ് കൊണ്ട് മേൽക്കൂര നിർമിച്ചു. അധികം താമസിയാതെ തന്നെ മേൽക്കൂരയുടെ തൂണുകൾ ഒടിഞ്ഞ് തകരുകയായിരുന്നു.
ദിവസേന നൂറോളം രോഗികൾ ചികിത്സ തേടിയെത്തുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഏക ഹോമിയോ ആശുപത്രിയാണിത്. സാധാരണക്കാർ അഭയം തേടുന്ന ഈ ആതുരാലയത്തിന് എത്രയും വേഗം സംരക്ഷണ ഭിത്തിയും മേൽക്കൂരയും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഹോമിയോ ഡിസ്പെൻസറിക്കു സമീപമുള്ള പഞ്ചായത്ത് കിണറും ഉപയോഗശൂന്യമായി കിടക്കുകയാണ്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം