തിരുവനന്തപുരം: 2012 ഫെബ്രുവരി ഏഴിനാണ് ആയുർവേദ ആശുപത്രിയിൽ നിന്നു കഷായം വാങ്ങി മടങ്ങി വരികയായിരുന്ന കടവൂർ ജയൻ എന്ന മുൻ ആർഎസ്എസ് പ്രവർത്തകൻ പട്ടാപ്പകൽ നടുറോഡിൽ വെട്ടേറ്റു വീണത്.
കൊല്ലം കടവൂര്‍ ക്ഷേത്ര ജംഗ്ഷന് സമീപം വച്ചാണ് ഒന്‍പതംഗ സംഘം ജയനെ കൊലപ്പെടുത്തിയത്. ജയന്റെ ശരീരത്തിൽ 64 വെട്ടുകളേറ്റിരുന്നു. വെട്ടിയത് ജയന്റെ തന്നെ സുഹൃത്തുക്കളും പരിചയക്കാരും.
കൊല്ലം ജില്ലയിലെ ആര്‍എസ്എസിന്റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്നു കടവൂര്‍ ജയന്. കേസിൽ പ്രതിയായ വിനോദിനെ ഒരിക്കൽ നേതൃത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതും ജയൻ തന്നെയായിരുന്നു. തൃക്കടവൂര്‍ മഹാദേവര്‍ ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് കൂടിയായിരുന്നു ജയന്. പിന്നീട് ജയൻ വിനോദുമായി തെറ്റിപ്പിരിഞ്ഞു.
ഇവർ തമ്മിലുള്ള പിണക്കം നിരവധി തവണ സംഘർഷങ്ങൾക്കിടയാക്കി. അപ്പോഴേക്കും ജയൻ ആർഎസ്എസ് പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും വിട്ടു നിന്നിരുന്നു. ഒരിക്കൽ അഞ്ചാലുംമൂട്ടിൽ വച്ച് നടന്ന സംഘർഷത്തിൽ ജയന്റെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു.
ഈ സംഭവത്തിനു മാസങ്ങൾക്കു ശേഷമാണ് ജയൻ പട്ടാപ്പകൽ നടുറോഡിൽ കൊല്ലപ്പെടുന്നത്.
കൊലയ്ക്കു ശേഷവും ഭീഷണി
ജയനെ ആക്രമിച്ചപ്പോൾ തടസം പിടിക്കാൻ ചെന്ന ബന്ധു രഘുനാഥൻ പിള്ളയേയും അക്രമിസംഘം വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ജയന്റെ മരണസമയത്ത് അച്ഛൻ കൃഷ്ണപിള്ളയും സ്ഥലത്തുണ്ടായിരുന്നു. ജയന്റെ മരണത്തിനു രണ്ടു വർഷം കഴിഞ്ഞു കൃഷ്ണപിള്ളയും മരിച്ചു.
നാലു സഹോദരിമാരും ഒരു സഹോദരനും അമ്മയും അടങ്ങുന്നതാണ് ജയന്റെ കുടുംബം. ജയന്റെ മരണശേഷം പലഭാഗത്തുനിന്നും ഭീഷണിയുണ്ടായതായി അമ്മ അംബിക നേരത്തെ മാധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു.
കുടുംബത്തെ മൊത്തം ഇല്ലാതാക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും അവർ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതികൾ മിക്കവരും ഒരു കാലത്ത് വീട്ടിലെ നിത്യസന്ദര്‍ശകരായിരുന്നു വെന്നും അംബിക ഓർക്കുന്നു.
കേട്ടുകേൾവിയില്ലാത്ത സംഭവം
അത്യന്തം വിചിത്രമായിരുന്നു കേസിന്റെ നാൾവഴികൾ. കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ തൃക്കടവൂർ വലിയങ്കോട്ട് വീട്ടിൽ വിനോദ് (42), കൊറ്റങ്കര ഇടയത്ത് വീട്ടിൽ ഗോപകുമാർ (37), കടവൂർ താവറത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (39), വൈക്കം താഴതിൽ അനിയൻകുഞ്ഞ് എന്നുവിളിക്കുന്ന പ്രിയരാജ് (39),
കടവൂർ പരപ്പത്ത് വിളതെക്കതിൽ പ്രണവ് (29), കിഴക്കടത്ത് എസ് അരുൺ (34), അഭിനിവാസിൽ രഞ്ജിത്ത് (രജനീഷ് 31), ലാലിവിള വീട്ടിൽ ദിനരാജ് (31), ഞാറക്കൽ ഗോപാലസദനത്തിൽ ഷിജു (36) എന്നിവർക്ക് ഇന്ന് കൊല്ലം പ്രിൻസിപ്പൽ ആൻഡ് ഡിസ്ട്രിക്ട് സെഷൻസ് കോടതി ശിക്ഷ വിധിക്കും. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കേസിലെ ഒൻപത് പ്രതികൾക്കും കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഫെബ്രുവരിയിൽ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിരുന്നു. അക്കാലത്ത് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.
കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാറില് നിന്നു മറ്റൊരു കോടതിയിലേക്കു വിചാരണ മാറ്റണം എന്നാവശ്യപ്പെട്ടു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിധി പറയാനിരുന്ന ദിവസം ജാമ്യത്തിലായിരുന്ന പ്രതികൾ കൂട്ടത്തോടെ മുങ്ങി.
ഒരു പ്രതിയെങ്കിലും ഹാജരായിരുന്നെങ്കിൽ അന്ന് വിധി പറയുമായിരുന്നു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ് ഇത്തരമൊരു സംഭവമെന്ന് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപചന്ദ്രൻ പിള്ള അന്ന് പറഞ്ഞു.
ഇതിനിടെ പ്രതികളുടെ ജാമ്യം റദ്ദാക്കുകയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്ത കോടതി ജാമ്യക്കാർക്ക് നോട്ടീസ് അയക്കാനും ഉത്തരവായി. കൊലക്കേസിൽ ഒരു പ്രതിപോലും ഹാജരാകാത്തത് അപൂർവങ്ങളിൽ അപൂർവമെന്ന് പറഞ്ഞ കോടതി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദേശിക്കുകയായിരുന്നു.
ശിക്ഷ പ്രഖ്യാപിക്കാനായി ഫെബ്രുവരി നാലിന് കേസ് പരിഗണിക്കുമ്പോൾ പ്രതികൾ കോടതിയിൽ കീഴടങ്ങുമെന്ന് പോലീസ് പ്രതീക്ഷിച്ചെങ്കിലും ജാമ്യക്കാർ മാത്രമാണ് അന്ന് കോടതിയിൽ എത്തിയത്. പക്ഷെ പിന്നീട് പ്രതികൾ കീഴടങ്ങി. ഇതേത്തുടർന്ന് കോടതി പ്രതികൾക്ക് ജീവപര്യന്തം തടവും ഒരോ ലക്ഷം രൂപവീതം പിഴയും ശിക്ഷിച്ചു.
എന്നാൽ കീഴ്ക്കോടതി വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ ഹൈക്കോടതിയെ സമിപിച്ചു. ഒന്നാം സാക്ഷിയായി അന്വേഷണ അന്വേഷണ സംഘം കോടതിയില്‍ എത്തിച്ച ആള് കള്ളസാക്ഷിയാണെന്നായിരുന്നു പ്രതികളുടെ വാദം.
തുടര്‍ന്ന് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും കേസിൽ വാദം കേട്ടതും പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയതും. കൊലപാതകം ജയൻ ആർഎസ്എസ് വിട്ടതിലുള്ള വൈരാഗ്യം മൂലമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവച്ചു.
ഇന്ന് ശിക്ഷ വിധിക്കാനിരിക്കെ രണ്ട് പ്രതികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കേസിന്റെ പുനർവിചാരണയ്ക്ക് ഹാജരാക്കിയ ഇവരെ ജയിലിലേക്ക് മാറ്റുന്നതിനു മുന്‍പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കായംകുളത്തുള്ള ക്വാറന്റയിൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇവരെ പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി. വളരെയേറെ കോളിളക്കം സൃഷ്ടിച്ച കേസിലാണ് ഇന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.