പത്തനംതിട്ട: വാറ്റ് നിയമത്തിന്റെ പേരിലുള്ള കുടിശിക നോട്ടീസിനെതിരെ വ്യാപാരി സമരം ശക്തമാകുന്നു. ഇന്നലത്തെ കടയടപ്പ് സമരത്തിനു പിന്നാലെ വരുംദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം.സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച കടയടപ്പ് സമരം പത്തനംതിട്ട ജില്ലയിൽ പൂർണമായിരുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ നടന്ന കടയടപ്പ് സമരത്തിൽ ജില്ലയൊട്ടാകെ വ്യാപാരികൾ പങ്കെടുത്തു. ഹോട്ടലുകൾ അടക്കം അടഞ്ഞുകിടന്നു. മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് തുറന്നിരുന്നത്.
വാണിജ്യ നികുതി വകുപ്പിന്റെ 27 ലക്ഷം രൂപയുടെ ഡിമാൻഡ് നോട്ടീസ് ലഭിച്ചതിൽ മനംനൊന്ത് തണ്ണിത്തോട്ടിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവം കൂടി പത്തനംതിട്ടയിലെ കടയടപ്പ് സമരത്തിന് പിന്തുണ വർധിപ്പിച്ചു. ജീവനൊടുക്കിയ വ്യാപാരിയുടെ മൃതദേഹവുമായി പത്തനംതിട്ടയിൽ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.
തണ്ണിത്തോട് കുന്നത്തുവീട്ടിൽ മത്തായി ഡാനിയേലിന്റെ മൃതദേഹവുമായാണ് വ്യാപാരികൾ കളക്ടറേറ്റിലേക്കു മാർച്ച് നടത്തിയത്. മത്തായി ഡാനിയേലിന്റെ സംസ്കാരം ഇന്നാണ്. ക്രിസ്ത്യൻ മെഡിക്കൽ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം വിലാപയാത്രയായാണ് കളക്ടറേറ്റിന് മുന്നിൽ മൃതദേഹം എത്തിച്ചത്. വിലാപയാത്രയിൽ ജില്ലയുടെ വിവിധ ഭാഗങളിൽ നിന്നുള്ള നൂറുകണക്കിന് വ്യാപാരികൾ പങ്കെടുത്തു. പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ വ്യാപാരികൾ അന്തിമോപചാരം അർപ്പിച്ചു.
കളക്ടറേറ്റ് മാർച്ച് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ സംസ്ഥാന സർക്കാർ വ്യാപാരി സമൂഹത്തെ കൊള്ളയടിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു. മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരാണ് വ്യാപാരികൾ. യാതൊരു സഹായവും ചെയ്യാത്ത സർക്കാരാണ് ഇവരെ കൊള്ളയടിക്കുന്നത്. വ്യാപാരികൾക്ക് പലിശരഹിത വായ്പ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങിയില്ല. സർക്കാർ ഖജനാവിന്റെ കറവപ്പശുവാണ് വ്യാപാരികൾ.
മനുഷ്യത്വം ഇല്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ഭരണകൂട ഭീകരതരയുടെ മുഖമാണ് നാം കാണുന്നതെന്നും നോട്ടീസ് പിൻവലിച്ച് സർക്കാർ വ്യാപാരികളോട് മാപ്പ് പറയണമെന്നും എംപി ആവശ്യപ്പെട്ടു. കാലഹരണപ്പെട്ട വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരി സമൂഹത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണ് സംസ്ഥാന ധനകാര്യ വകുപ്പ് നടത്തുന്നതെന്നും ആന്റോ ആന്റണി ആരോപിച്ചു.
വ്യാപാരികൾക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ നോട്ടീസ് അയക്കുന്ന വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ. എ. ഷാജഹാൻ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ. ഇ. മാത്യു, ട്രഷറർ കൂടൽ ശ്രീകുമാർ , നൗഷാദ് റാവുത്തർ, കെ. ആർ. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തിരുവല്ല, റാന്നി, അടൂർ, പന്തളം, കോന്നി എന്നിവിടങ്ങളിലും കടയടപ്പ് സമരത്തേ തുടർന്ന് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.