ചെറുവത്തൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമകള്‍ നീക്കുകയും പകരം അദ്ദേഹത്തിന്റെ ഘാതകരുടെ കൂറ്റന്‍ പ്രതിമകള്‍ സ്ഥാപിക്കുകയും ചെയ്യുന്ന കാലമാണിതെന്ന് കഥാകാരന് ടി. പത്മനാഭന് അഭിപ്രായപ്പെട്ടു. കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സാംസ്കാരിക വകുപ്പും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംഘടിപ്പിച്ച നെഹ്റു സ്മൃതിയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹബാദിലുള്ള നെഹ്റു ഭവനമായിരുന്ന ആനന്ദ ഭവന് മുന്നില്‍ സ്ഥാപിച്ചിരുന്ന നെഹ്റു പ്രതിമ ഇപ്പോള്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തിരിക്കുകയാണ്. അലഹബാദ് പട്ടണത്തിന്റെ പേരുപോലും മാറ്റി. ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ ചിന്തിച്ചില്ലെങ്കില്‍ പിന്നീട് എത്തപ്പെടുന്നത് ഇരുട്ടിലേക്കായിരിക്കും. അവിടെ വഴി തെളിക്കാന്‍ ആരുമുണ്ടാവില്ല എന്നത് നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന് അധ്യക്ഷത വഹിച്ചു. ഡിഇഒ കെ.വി.പുഷ്പ, സന്തോഷ് സക്കറിയ, കെ. സത്യഭാമ, വാസു ചോറോട്, പയ്യന്നൂര്‍ കുഞ്ഞിരാമന്, പി. വേണുഗോപാലന്‍, ടി. ജനാര്ദനന്, കെ.വി. ലതിക, ജയചന്ദ്രന് കുട്ടമത്ത്, എം.കെ. സിജേഷ്, മൃദുലഭായ്, പി. സത്യനാഥന്, പി. സുകുമാരന്‍, ടി.വി. രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.