സ്വന്തം ലേഖകൻ
തൃശൂർ: മഹാമാരി സൃഷ്ടിച്ച ആഘാതങ്ങളിൽനിന്ന് ഗുരുവായൂർ ക്ഷേത്രം പതിയെ പഴയപോലെ ആകുന്പോൾ കൊടകരയിലെ കദളീവനങ്ങളിൽ വീണ്ടും പ്രതീക്ഷകളുടെ മധുരം നിറയുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലേക്കു കദളിപ്പഴം വിതരണം ചെയ്ത കൊടകരയിലെ കർഷകരും കുടുംബശ്രീക്കാരും അടങ്ങുന്ന വലിയൊരു ജനവിഭാഗം ഗുരുവായൂർ പഴയപോലെ ആകുന്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആവശ്യമായ കദളിപ്പഴങ്ങൾ കോവിഡിനു മുൻപുവരെ പത്തുവർഷം തുടർച്ചയായി വിതരണം ചെയ്തു കൊണ്ടിരുന്നത് മറ്റത്തൂർ ലേബർ കോണ്ട്രാക്ട് സൊസൈറ്റിയുടെ നേതൃത്വത്തിലാണ്.
കോവിഡും ലോക് ഡൗണും നിയന്ത്രണങ്ങൾ വന്നതോടെ ഗുരുവായൂർ ക്ഷേത്രം അടച്ചതു കൊടകരയിലെ കദളി വാഴകൃഷിയെ പ്രതികൂലമായി ബാധിച്ചു.
ഗുരുവായൂരിലേക്കും തൃശൂർ തിരുവന്പാടി ക്ഷേത്രത്തിലേക്കും ആവശ്യമായ കദളിപ്പഴം വിതരണം ചെയ്യാം എന്നായിരുന്നു സൊസൈറ്റിയുമായി ഉണ്ടായിരുന്ന കരാർ.
അതു നിലച്ചതോടെ കൊടകര ബ്ലോക്കിന്റെ പലഭാഗത്തായി ഏക്കർകണക്കിനു ഭൂമിയിൽ നടത്തിയിരുന്ന കദളിവാഴകൃഷി പൂർണമായും നിലച്ചു.
ഇപ്പോൾ ഗുരുവായൂർ ക്ഷേത്രം തുറന്ന് കാര്യങ്ങളെല്ലാം പഴയപോലെ ആയി വരുന്നതു പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും, കോവിഡ് ഭീതി വിട്ടൊഴിയാത്തതിനാലും ഇനി വീണ്ടും ലോക്ഡൗണ് ഉണ്ടാകു മോ എന്ന ആശങ്കയാലും കർഷകർ കദളിവാഴ കൃഷിയിലേക്ക് ഇറങ്ങിയിട്ടില്ല.
കോവിഡ് മൂലം കഴിഞ്ഞ രണ്ടുവർഷവും കദളിവാഴകൃഷി നടന്നിട്ടില്ല.കേരളത്തിൽതന്നെ മോഡൽ പ്രോജക്ട് ആയിട്ടുള്ള കൊടകരയിലെ കദളിവാഴ കൃഷി വീണ്ടും ആരംഭിക്കാനുള്ള ചർച്ചകൾ ഉടൻതന്നെ ഉണ്ടാകുമെന്നു സൊസൈറ്റിയിലെ പ്രശാന്ത് പറഞ്ഞു.
കൊടകരയിലെ മുൻ എംഎൽഎയും മന്ത്രിയും ആയിരുന്ന പ്രഫ.സി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ 2009 ലാണ് ഈ പ്രോജക്ട് ആരംഭിക്കുന്നത്.
കൊടകര ബ്ലോക്കിലെ വിവിധ ഇടങ്ങളിലായി 75 മുതൽ 125 ഏക്കറോളം കൃഷിഭൂമിയാണു കദളിവാഴകൃഷിക്കായി ഉപയോഗപ്പെടുത്തിയിരുന്നത്.
ദിവസവും 4000 കദളിപ്പഴം ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകാമെന്നായിരുന്നു കരാർ. ഒരു മാസം 1500 വാഴ വിളവെടുത്താൽ മാത്രമേ ഇതു സാധിക്കുമായിരുന്നുള്ളൂ. പത്തുവർഷവും ഇതു മുടക്കമില്ലാതെ നൽകാനായി എന്നതു വലിയ നേട്ടമായിരുന്നു.
പ്രധാനമായും കുടുംബശ്രീ പ്രവർത്തകരും കർഷകരും ആണ് കദളിവാഴകൃഷിക്ക് നേതൃത്വം നൽകിയത്. ഒരു വർഷം 25,000 മുതൽ 50,000 വരെ കദളിവാഴകൾ പല ഭൂമികളിലായി കൃഷിചെയ്ത് വിളവെടുത്തു.
450 കർഷകർ ഇതിനു പിന്നിൽ അധ്വാനിച്ചു. വാഴക്കന്നുകൾ നൽകിയതും തുടർന്നു വേണ്ട എല്ലാ സഹായങ്ങളും നൽകിയതും കദളിപ്പഴങ്ങൾ സംഭരിച്ചതും എല്ലാം സൊസൈറ്റി തന്നെയാണ്.
കദളിവാഴകൃഷിയുടെ പുനരുജ്ജീവനത്തിനായി കൊടകര ബ്ലോക്ക് അഞ്ചു ലക്ഷം രൂപ നീക്കിവച്ചിരുന്നു. ഗുരുവായൂർ ദേവസ്വവും കുടുംബശ്രീയും കർഷകരും എല്ലാം ചേർന്ന് വീണ്ടും കദളിവാഴകൃഷി പഴയപോലെ നടത്താൻ തയാറാവുകയാണെങ്കിൽ മഹാമാരിയിൽ നിലച്ചുപോയ കൊടകരയുടെ കദളിവാഴത്തോട്ടങ്ങളിൽ വീണ്ടും മധുരം നിറയും.