കഠിനംകുളം കൂട്ടബലാല്‍സംഗക്കേസിലെ മുഖ്യ പ്രതി പിടിയിലാകുമ്പോള്‍ പുറത്തുവരുന്നത് ഗൂഢാലോചനയുടെ വിവരങ്ങള്‍.
യുവതിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയ നൗഫലാണ് പിടിയിലായത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പൊലീസിന്റെ പിടിയിലായിരിക്കുകയാണ്.
ഇന്നലെ രാത്രിയാണ് പീഡനം നടന്ന തീരപ്രദേശത്തു നിന്നും നൗഫലിനെ പോലീസ് പൊക്കിയത്. ഇയാള്‍ ഇവിടെ ഒളിവില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയതും ഇയാളെ പിടികൂടിയതും.
ആയിരം രൂപയ്ക്കു വേണ്ടിയാണ് ഭാര്യയെ സുഹൃത്തുക്കള്‍ക്കു ബലാത്സംഗം ചെയ്യാന്‍ ഭര്‍ത്താവ് അവസരമൊരുക്കിയതെന്നു പൊലീസ് വ്യക്തമാക്കി.
മുമ്പ് സുഹൃത്തുക്കളെ കാണിക്കാനായി ഭാര്യയെ ഇയാള്‍ രണ്ടു തവണ പുതുക്കുറിച്ചി ബീച്ചിലെത്തിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
ആലോചിച്ചുറപ്പിച്ചാണ് സംഭവദിവസം യുവതിയെ സൃഹൃത്തിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയതെന്ന് ഇതില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്.
ഭാര്യയെ ഇയാള്‍ സുഹൃത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയതും മദ്യം കുടിപ്പിച്ചതിനു ശേഷം മുങ്ങിയതുമെല്ലാം ഗൂഢാലോചന അനുസരിച്ചായിരുന്നു.
പിന്നീട് മറ്റുള്ളവര്‍ ഓട്ടോയിലെത്തി പത്തേക്കറിലെ വിജനതയിലേക്കു കൊണ്ടുപോയതുമെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചായിരുന്നെന്നു പൊലീസ് വിശദീകരിക്കുന്നു. കൂട്ടുകാരെ ഭര്‍ത്താവ് തന്നെയാണ് വിളിച്ചു വരുത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഭാര്യയും ഭര്‍ത്താവും നല്ല സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ല. ഇതുകൊണ്ടാണ് ഭാര്യയെ കൂട്ടുകാര്‍ക്ക് പണത്തിനായി കാഴ്ച വച്ചതെന്നാണ് സൂചന.
കേസിലെ മുഖ്യപ്രതിയായ നൗഫലാണ് യുവതിയെ ഏറ്റവും ക്രൂരമായി ആക്രമിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയുള്ളതു കൊണ്ട് യുവതിയുടെ ഭര്‍ത്താവാണ് ഒന്നാം പ്രതിയാവുക.
അതുകൊണ്ടുതന്നെ നൗഫല്‍ രണ്ടാം പ്രതിയാകും. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസിന്റെ അടുത്ത നടപടി.
നേരത്തെ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്നലെ ആറ്റിങ്ങല്‍ ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതികളെ കാരക്കോണം മെഡിക്കല്‍ കോളേജിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രതികള്‍ക്ക് കൊറോണ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ആറ്റിങ്ങല്‍ സബ്ജയിലിലേക്ക് മാറ്റും.
ഭര്‍ത്താവ് ഉള്‍പ്പെടെ ചില പ്രതികളും അവരുടെ ബന്ധുക്കളും ഭീഷണിപ്പെടുത്തിയെന്ന് രഹസ്യമൊഴി രേഖപ്പെടുത്തിയ മജിസ്ട്രേട്ടിനോട് യുവതി പറഞ്ഞതിനാല്‍ ഇവരെയും നാലു വയസുകാരന് മകനെയും നെട്ടയത്തുള്ള മഹിളാ മന്ദിരത്തിലേക്ക് കോടതിയുടെ തീരുമാനപ്രകാരം മാറ്റി.
ഭര്‍ത്താവ് വ്യാഴാഴ്ച ഭാര്യയെ രണ്ടു മക്കള്‍ക്കൊപ്പം സ്കൂട്ടറില്‍ സുഹൃത്തായ വെട്ടുതുറ സ്വദേശി രാജന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
ഭാര്യയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചു. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ചാന്നാങ്കരയിലെ പത്തേക്കറിലെ ഔട്ട് ഹൗസിലാണ് മകന് നോക്കിനില്‍ക്കെ പീഡിപ്പിച്ചത്.