തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ നിർബന്ധിപ്പിച്ച് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ച ക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി പോലീസ് തെളിവെടുപ്പ് നടത്തും. പ്രതികളുടെ കോവിഡ് പരിശോധന ഫലം ലഭിച്ച ശേഷമായിരിക്കും പോലീസ് കസ്റ്റഡിയിൽ വാങ്ങുക. പ്രതികളുടെ സ്രവം പരിശോധനക്കായി ശേഖരിച്ചിരുന്നു.
നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിലാണ് ഏഴ് പ്രതികളും കഴിയുന്നത്.
കഠിനംകുളം ചാന്നാങ്കര സ്വദേശികളായ മൻസൂർ, അക്ബർ, മനോജ്, അർഷാദ്, വെട്ടുതുറ സ്വദേശി രാജൻ എന്ന സെബാസ്റ്റ്യൻ , നൗഫൽ, യുവതിയുടെ ഭർത്താവ് എന്നിവരെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതിയെ ഭർത്താവിന്റെ സുഹൃത്തുക്കൾ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ട് പോയി വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതിയോടൊപ്പമുണ്ടായിരുന്ന അഞ്ചു വയസുകാരനായ മകനെയും നാല് പേരടങ്ങുന്ന സംഘം ക്രൂരമായി മർദ്ദിച്ചിരുന്നു.
യുവതിയുടെ ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളിൽ പ്രതികൾ സിഗററ്റ് ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നും ക്രൂരമർദ്ദനത്തിനിരയാക്കിയെന്നും യുവതി പോലീസിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ പോലീസ് അന്വേഷണം നടത്തി പിടികൂടിയത്.
ബലാൽസംഗശ്രമം, തട്ടിക്കൊണ്ടുപോകൽ, ദേഹോപദ്രവം, മോഷണം, കുട്ടിയെ ദേഹോപദ്രവ മേൽപ്പിച്ചതിന് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം റൂറൽ എസ്പി. അശോകന്റെ നിർദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി. സുരേഷ്, കഠിനംകുളം സിഐ. വിനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.