സ്വന്തം ലേഖകൻ
വിഴിഞ്ഞം: കടൽ ആഴങ്ങളിലേക്ക് കൊണ്ടുപോയ കൂട്ടുകാരികളിൽ രണ്ടു പേരുടെ ചേതനയറ്റ ശരീരം കണ്ടെത്തി . ഒരാൾക്കായുള്ള കാത്തിരിപ്പ് തുടരുന്നു.
കിടാരക്കുഴി ഇടിവിഴുന്നവിള കിടങ്ങിൽ വീട്ടിൽ പരേതനായ സുരേന്ദ്രന്റെയും സരോജിനിയുടെയും മകൾ നിഷ (19) ,കോട്ടുകാൽ പുന്നവിള റോഡരികത്തു വീട്ടിൽ വിജയന്റെയും ശശികലയുടെയും മകൾ ശരണ്യ (20) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കോട്ടുകാൽ ഗവൺമെന്റ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും കോട്ടുകാൽ പുന്നവിളയിൽ എസ്.എം . ഹൗസിൽ ഷമ്മിയുടെ മകൾ ഷാലു ഷമ്മി (17) യ്ക്കായുള്ള തെരച്ചിൽ തുടരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് ഒരു പ്രദേശത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. പനി ബാധിതയായ ഷാലുവിനെ ആശുപത്രിയിൽ കാണിക്കാൻ കൂടെ കൂടിയതായിരുന്നു സുഹൃത്തും അയൽവാസിയുമായ ശരണ്യ .
ഉച്ചയ്ക്ക് രണ്ടോടെ കോട്ടുകാൽ ഗവൺമെന്റ് കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തി ഒ.പി ടിക്കറ്റ് വാങ്ങി. ടോക്കൺ നമ്പർ ഇരുന്നൂറ് കഴിഞ്ഞായതിനാൽ ഡോക്ടറെ കാണാൻ വൈകുമെന്ന് കണ്ടതോടെ വീട്ടിൽ തിരിച്ചെത്തിയ ഷാലുവും കൂട്ടുകാരിയും ഭക്ഷണം കഴിച്ചശേഷം വീണ്ടും ആശുപത്രിയിലെത്തി മരുന്നു വാങ്ങി.
ഷാലുവിന്റെ സ്കൂട്ടറിൽ നിഷയുടെ വീട്ടിലെത്തി നിഷയെയും കൂട്ടി മിക്കപ്പോഴും എത്താറുള്ള കടൽക്കരലക്ഷ്യമാക്കി തിരിച്ചു.
അടിമലത്തുറ അമലോത്ഭവ മാതാ ദേവാലയത്തിനു സമീപം സ്കൂട്ടർ വച്ചശേഷം മൊബൈൽ ഫോണുകൾ സ്കൂട്ടറിന്റെ ബോക്സിൽ ഭദ്രമായിസൂക്ഷിച്ചു.തുടർന്ന് ചെരുപ്പുകളും സമീപത്ത് ഊരിവച്ച സംഘം കടൽക്കരയിലേക്ക് നടന്നുു.
കടുത്തവേനലും വേലിയേറ്റവുമായതിനാൽ കടൽ ഏറെ പ്രക്ഷുബ്ധമായിരുന്നു. ശക്തമായതിരയടിയിൽ ഒളിഞ്ഞിരിക്കുന്ന അപകടമറിയാതെ മണൽപ്പരപ്പിലേക്ക് ഇറങ്ങിയ മൂന്നു പേരും തിരയിൽപ്പെട്ടുപോകുകയായിരുന്നു എന്നാണ് കരുതുന്നത്.
ചുട്ടുപൊള്ളുന്ന വെയിലും കടൽക്ഷോഭവും കാരണം മത്സ്യത്തൊഴിലാളികൾ പോലുമില്ലാതെ വിജനമായ തീരത്ത് കടലിലേക്ക് പതിച്ചവരെ രക്ഷിക്കാനും ആരുമുണ്ടായില്ല.
രക്ഷിക്കാനുള്ള ഇവരുടെ നിലവിളിയും ആരും കേട്ടില്ല. കടൽക്കരയിലേക്ക് പോകുകയാണെന്ന് ഇവരിൽ ഒരാൾ വീട്ടിൽ അറിയിച്ചിരുന്നു.
സന്ധ്യയായിട്ടും ഇവരെ കാണാത്തതോടെ വീട്ടുകാരും സുഹൃത്തുക്കളും അടിമലത്തുറ തീരത്ത് നടത്തിയ പരിശോധനയിൽ വിജനമായ സ്ഥലത്ത് സ്കൂട്ടറും അതിനുള്ളിൽ ബെല്ലടിക്കുന്ന മൊബൈൽഫോണും ചെരുപ്പുകളും കണ്ടതോടെയാണ് പെൺകുട്ടികൾ കടലിൽപ്പെട്ടതാകും എന്ന സംശയമുയർന്നത്.
തുടർന്ന് വിഴിഞ്ഞം പോലീസിൽ കുട്ടികളെ കാണാനില്ല എന്നു പരാതിയും നൽകി. അന്വേഷണം നടക്കുന്നതിനിടെ തീരത്തോടടുത്ത് ഒരു മൃതദേഹം കണ്ടതായി വിദേശ വിനോദസഞ്ചാരി നാട്ടുകാരെ അറിയിച്ചു.
വിവരമറിഞ്ഞ് പോലീസും നാട്ടുകാരും എത്തുന്നതിനിടയിൽ തിരകൾവീണ്ടും നിഷയെ ആഴങ്ങളിലേക്ക് വലിച്ച് കൊണ്ടുപോയി. തുടർന്ന് തീരദേശ പോലീസ് നടത്തിയ തെരച്ചിലിൽ രാത്രിയോടെ കണ്ടെത്തിയ മൃതദേഹം ബോട്ടിൽ വിഴിഞ്ഞം തുറമുഖത്തടുപ്പിച്ചു.
ബന്ധുക്കൾ തിരിച്ചറിഞ്ഞ നിഷയുടെ മൃതദേഹം ഇന്നലെ മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചക്ക് ഒന്നരയോടെ വീട്ടിൽ എത്തിച്ചു.
കളിയിക്കാവിള മലങ്കര കാത്തലിക് കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയായ നിഷയെ അവസാനമായി ഒരു നോക്ക് കാണാൻ കോളജിലെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു.
മൃതദേഹം കണ്ട് നിയന്ത്രണം വിട്ട് കരഞ്ഞ കൂട്ടുകാരെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാൻ ഏറെ പാടുപെട്ടു. ഉച്ചയ്ക്ക് രണ്ടോടെ വീടിനു സമീപം ഒരുക്കിയ ചിതയിൽ മൃതദേഹം സംസ്കരിച്ചു.
പിതാവ് സുരേന്ദ്രന്റെ മരണത്തിനു ശേഷം സ്പിന്നിംഗ് മിൽ തൊഴിലാളിയായ അമ്മ സരോജിനിയുടെ തുച്ഛമായ വരുമാനം കൊണ്ടാണ് നിഷയേയും സഹോദരി വർഷയെയും പഠിപ്പിച്ചിരുന്നത്.
സുരേന്ദ്രന്റെ മരണമേൽപ്പിച്ച ആഘാതം വിട്ടുമാറും മുൻപേയുള്ള നിഷയുടെ മരണം കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായി. ഇന്നലെ ഉച്ചയോടെ അടിമലത്തുറക്കു സമീപത്താണ് കടലിൽ ശരണ്യയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് തീരദേശ പോലീസിന്റെ ബോട്ടിൽ ഉച്ചകഴിഞ്ഞ് മൂന്നരയോടെ വിഴിഞ്ഞം തുറമുഖത്തെ വാർഫിൽ അടുപ്പിച്ച മൃതദേഹം വിഴിഞ്ഞം എസ്ഐ സജിയുടെ മേൽനോട്ടത്തിൽ ഇൻക്വിസ്റ്റ് തയാറാക്കി.
നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.